ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്നുമുതല്‍ പ്രൈമറി ക്ളാസുകളില്‍ അവധി നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചാം ക്ളാസിന് താഴെയുള്ള കുട്ടികള്‍ക്ക് പുറത്തുള്ള പരിപാടികളും വിലക്കി. മലിനീകരണം രൂക്ഷമായി തുടര്‍ന്നാല്‍ ഒറ്റ – ഇരട്ട നമ്ബര്‍ വാഹന നിയന്ത്രണവും നടപ്പാക്കും.
ഡല്‍ഹി, പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാനടക്കമുള്ള വടക്കേ ഇന്ത്യയാകെ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ ഡീസല്‍ കാറുകള്‍ക്കും വലുതും ചെറുതുമായ ചരക്കു വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ നിരോധനമേര്‍പ്പെടുത്തി. വ്യവസായ മേഖലയ്ക്കും റോഡ്, മേല്‍പ്പാലം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. മലിനമായ വായു ശ്വസിച്ച് ആളുകള്‍ക്ക് ശ്വാസകോശ അസുഖങ്ങളും കണ്ണെരിച്ചിലും പരക്കെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍ വിവിധ ഇടങ്ങളിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക അപകടകരമായ 400 പോയിന്റിന് മുകളിലാണ്.
വയ്ക്കോല് കത്തിക്കലില്‍ രാഷ്ട്രീയ വിവാദം
ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ മുഖ്യകാരണം (38 ശതമാനം) പഞ്ചാബിലെ കര്‍ഷകര്‍ വയലുകളില്‍ വയ്ക്കോല് കത്തിക്കുന്നത് മൂലമാണെന്ന കണ്ടെത്തല്‍ രാഷ്ട്രീയ പോരിനും വഴി തെളിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കത്തിക്കല്‍ ഏഴു ശതമാനം വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 3434 കത്തിക്കലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇരു സംസ്ഥാനങ്ങളും ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് കര്‍ഷകരെ ബോധവത്കരിക്കാനായില്ലെന്ന് ബി.ജെ.പി ആരോപിച്ചു. വയ്ക്കോല് കത്തിക്കുന്നത് തടയാന്‍ കഴിഞ്ഞില്ലെന്ന് സമ്മതിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പഞ്ചാബില്‍ ആറുമാസം മുന്‍പ് മാത്രം അധികാരമേറ്റ ആപ്പ് സര്‍ക്കാരിന് പരിമിതിയുണ്ടായിരുന്നെന്നും പറഞ്ഞു. അടുത്ത വര്‍ഷം വയ്ക്കോല് കത്തിക്കല്‍ പൂര്‍ണമായി നിയന്ത്രിക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ കെജ്രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാനുമുണ്ടായിരുന്നു.