ആശ്വാസം, അപകടമില്ല! 23 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ ഭാഗം വീണത് ഇവിടെ

ന്യൂഡൽഹി: 23 മെട്രിക് ടൺ ഭാരമുള്ള ഭീമാകാരമായ ചൈനീസ് റോക്കറ്റ് ബൂസ്റ്റർ നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം. രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ തവണയാണ് വലിയ ചൈനീസ് റോക്കറ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്.

പത്തുനിലയുള്ള കെട്ടിടത്തിന്റെ അത്രയും വരുന്ന റോക്കറ്റ് ബൂസ്റ്ററിന് വെള്ളിയാഴ്ച നിയന്ത്രണം നഷ്ടപ്പെടുമെന്നും അതിന്റെ ഭാഗങ്ങൾ ഭൂമിയിൽ പതിക്കുമെന്നുമായിരുന്നു ആശങ്ക ഉയർന്നത്. എന്നാൽ കരയിൽ വീഴാതെ റോക്കറ്റ് സുരക്ഷിതമായി പസഫിക് സമുദ്രത്തിൽ പതിച്ചതായി യുഎസ് സ്പേസ് കമാൻഡ് സ്ഥിരകരിച്ചു. പ്രാദേശിക സമയം രാവിലെ 4.01നായിരുന്നു റോക്കറ്റ് സമുദ്രത്തിൽ പതിച്ചത്.

ഒക്‌ടോബർ 31ന് വിക്ഷേപിച്ച ലോങ് മാർച്ച് 5 ബി റോക്കറ്റിന്റെ വലിയ പ്രധാന ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിച്ചത്. ചെറിയ ഉപഗ്രഹങ്ങളും ബഹിരാകാശ പേടകങ്ങളും ഭ്രമണപഥത്തിൽ നിന്ന് വീഴുമ്പോൾ അതിൽ ഭൂരിഭാഗവും അന്തരീക്ഷത്തിൽ കത്തിത്തീരുകയാണ് ചെയ്യുന്നത്. അങ്ങനെ ഭൂമി അപകടാവസ്ഥ അതിജീവിക്കുന്നു.

എന്നാൽ ലോങ് മാർച്ച് 5ബി യുടെ കാമ്പ് ഏകദേശം 108 അടി (33 മീറ്റർ) നീളവും 48,500 പൗണ്ട് (23 മെട്രിക് ടൺ) ഭാരവുമാണ്. അത്രയും വലിപ്പവും പിണ്ഡവുമുള്ള ഒരു വസ്തു ഉപയോഗിച്ച്, റോക്കറ്റിൽ നിന്നുള്ള വലിയ അവശിഷ്ടങ്ങൾ നിലനിൽക്കാനും ഭൂമിയിലെവിടെയെങ്കിലും പതിക്കാനും സാധ്യതയുണ്ട്. റോക്കറ്റിന്റെ 10 മുതൽ 40 ശതമാനം വരെ ഗ്രഹത്തിന്റെ ഉപരിതലത്തിലെത്താൻ കഴിയുമെന്ന് എയ്‌റോസ്‌പേസ് കോർപറേഷൻ കണക്കാക്കിയിരുന്നു. ഇതാണ് ഇപ്പോൾ ആശങ്കയകറ്റി കടലിൽ പതിച്ചത്.