തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വി.എ. ശ്രീകുമാറാണ് പരാതി നല്‍കിയത്. അതേസമയം, മറ്റൊരു ചടങ്ങിലായതിനാല്‍ പരാതി കണ്ടിട്ടില്ലെന്നും പരാതി പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും വിജിലന്‍സ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.
നഗരസഭ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്. 295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു ആവശ്യം. ഒന്നാം തീയതി പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പിന്നീട് സി.പി.എം. നേതാക്കന്മാര്‍ വിവിധ വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്.
മേയറുടെ കത്തിന് പിന്നാലെ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡി.ആര്‍. അനില്‍ അയച്ച മറ്റൊരു കത്തും പുറത്തുവന്നു. എസ്.എ.ടി. ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒന്‍പത് പേരെ നിയമിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 24-ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം.
അതിനിടെ, മേയറുടെ കത്ത് പുറത്തുവന്നതോടെ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭ ഓഫീസിലേക്ക് ഇരുപാര്‍ട്ടികളും പ്രതിഷേധ പ്രകടനം നടത്തി. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞു. എന്നാല്‍ മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ പ്രതികരണം.