സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ കപ്പലിലെ ചീഫ് ഓഫീസര്‍ സനു ജോസ് അറസ്‌റ്റില്‍; നൈജീരിയയ്‌ക്ക് കൈമാറുമെന്ന് വിവരം

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ച പ്രശ്‌നത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ നാവികസേന പിടിച്ചെടുത്ത കപ്പലിലെ ചീഫ് ഓഫീസര്‍ അറസ്‌റ്റില്‍.

മലയാളിയായ സനു ജോസാണ് അറസ്‌റ്റിലായത്. ഇദ്ദേഹത്തെ നൈജീരിയയ്‌ക്ക് കൈമാറുമെന്നാണ് സൂചന.സനുവടക്കം മൂന്ന് മലയാളികളാണ് ഹീറോയിക് ഇഡുന്‍ കപ്പലിലുള‌ളത്. ആകെ 26 ജീവനക്കാരാണുള‌ളത്. എക്വറ്റോറിയല്‍ ഗിനി സൈന്യമാണ് കപ്പലിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്.

നൈജീരിയയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും രക്ഷപ്പെട്ടാണ് ഇവര്‍ ഗിനിയുടെ പരിധിയിലെത്തിയത്. കപ്പല്‍ നൈജീരിയയ്‌ക്ക് കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് മുന്‍പ് അറിയിച്ചിരുന്നു. ഇരുപത് ലക്ഷം ഡോളര്‍ കപ്പല്‍ കമ്ബനിയില്‍ നിന്നും സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഈടാക്കിയ ശേഷമാണ് ഗിനി ഇത്തരത്തില്‍ നടപടിയെടുത്തത്.

അതേസമയം കപ്പലിലുള‌ളവര്‍ തങ്ങള്‍ അവശരാണെന്നും എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രശ്നത്തില്‍ കാര്യമായി ഇടപെടണം. 20 നോട്ടിക്കല്‍ മൈല്‍ അകലെ നൈജീരിയന്‍ നേവിയുടെ കപ്പല്‍ കാത്തിരിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ മോചനത്തിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങളിവിടെ തടവിലാണ്. ഞങ്ങളെ നൈജീരിയയിലേയ്ക്ക് കൊണ്ടപോകാന്‍ അനുവദിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം.’ വീഡിയോയില്‍ കപ്പലിലുള്ളവര്‍ പറയുന്നു