വാസ്തവ വിരുദ്ധമായ ഉള്ളടക്കവുമായി കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നുവെന്നാരോപിച്ചു് ഹിന്ദി സിനിമയായ “ദി കേരള സ്റ്റോറി ” എന്ന സിനിമയ്ക്കെതിരെ വ്യാപക പ്രധിഷേധമുയരുന്നു.കേരളത്തെ അപകീർത്തിപ്പെടുത്തുന്ന മത വിദ്വേഷം പരത്തുന്ന അടിസ്ഥാന രഹിതമായ ഇത്തരം പ്രചരണങ്ങൾ സമൂഹത്തിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.
കേരളത്തിലെ രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ പരാമർശങ്ങളെയും തെറ്റായി ചിത്രീകരിക്കുന്നത് ബോധപൂർവമായ ഒരു നീക്കമാണ്. ഈ സിനിമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അമിത് ഷായ്ക്കും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും ജോൺ ബ്രിട്ടാസ് എം പി കത്തയച്ചു.
“ദി കേരള സ്റ്റോറി “യുടെ ടീസർ വിവാദമായതോടെ കോൺഗ്രസ്സും സിനിമയ്ക്കെതിരെ രംഗത്തുവന്നു.സിനിമ തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നും സിനിമ നിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ” ഞാൻ സിനിമയുടെ ടീസർ കണ്ടു, വളരെ തെറ്റായ വിവരമാണ്.കേരളത്തിൽ അങ്ങനെയൊന്നും നടക്കുന്നില്ല.ഇത് മറ്റ് സംസ്ഥാനങ്ങൾക്കു മുന്നിൽ കേരളത്തിന്റെ പ്രതിച്ഛായ തകർക്കുന്നതാണ്.ഇത് മത വിദ്വേഷം പരത്തും.അതിനാൽ സിനിമ നിരോധിക്കണം.സാധാരണ ഗതിയിൽ സിനിമ നിരോധിക്കുന്നതിന് ഞങ്ങൾ എതിരാണ്.എന്നാൽ ഇത്തരം തെറ്റായ വിവരങ്ങൾ വർഗ്ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും.
സംസ്ഥാന പോലീസിന്റെ കയ്യിൽ രേഖകളൊന്നുമില്ല.ഇന്റെലിജൻസിന്റെ കയ്യിൽലെന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അവരതു പുറത്തുവിടട്ടെ.ഇതാണ് രേഖകൾ.ഇതാണ് ഐ എസ് എസിൽ ചേർന്ന സ്ത്രീകളുടെ വിലാസം,അവരെ കേരളത്തിൽ എവിടെനിന്നു റിക്രൂട്ട് ചെയ്തു,എന്നിങ്ങനെ പൊതുജനങ്ങളെ അറിയിക്കണം,വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കേരളത്തെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു് സിനിമയ്ക്കെതിരെ തമിഴ്നാട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ ബി ആർ അരവിന്ദാക്ഷൻ കേന്ദ്ര വാർത്താ മന്ത്രാലയം ,സെൻസർ ബോർഡ് ,കേരള മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി,ഡി ജി പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
കേരളത്തിൽനിന്നും 32000 സ്ത്രീകളെ നിർബന്ധപൂർവം മതം മാറ്റി ഐ എസിൽ ചേർക്കാൻ സിറിയയിലേക്കും യമനിലേയ്ക്കും അയച്ചെന്ന് ആരോപിച്ചുകൊണ്ടാണ് “ദി കേരള സ്റ്റോറി യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നത്.വിപുൽ അമൃത് ലാൽ നിർമ്മിച്ച് സുദീപ്തോ സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ ശാലിനി ഉണ്ണികൃഷ്ണൻ എന്ന മലയാള നായികയായി അഭിനയിക്കുന്നത് അദാ ശർമ്മയാണ്.