എല്ലുകളും തലയോട്ടികളും നിറഞ്ഞ ഒരു സ്ഥലം.. മഞ്ഞു മൂടിയും വരണ്ടുണങ്ങിയും കാലാവസ്ഥ മാറി വന്നാലും ചിന്നിച്ചിതറി കിടക്കുന്ന ഒട്ടനേകം അസ്ഥികൂടങ്ങൾ ആ സ്ഥലത്തിന്റെ പ്രത്യേകതയാണ്. മാത്രമല്ല, ഈ അസ്ഥികൂടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമ്പരക്കേണ്ട..ഇത് ഇന്ത്യയിലെ തന്നെ ഒരു തടാകവുമായി ബന്ധപ്പെട്ട കാഴ്ചയാണ്. അവിശ്വസനീയമായ കഥകളും സംഭവങ്ങളും നിറഞ്ഞ ഒട്ടേറെ സ്ഥലങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. അത്തരത്തിലൊന്നാണ് രൂപ്കുണ്ഡ് തടാകംഉത്തരാഖണ്ഡിലാണ് രൂപ്കുണ്ഡ് തടാകം സ്ഥിതി ചെയ്യുന്നത്. അസ്ഥികൂട തടാകം, ദുരൂഹതയുടെ തടാകം എന്നൊക്കെയാണ് രൂപ്കുണ്ഡ്, സ്ഥലത്തിന്റെ പ്രത്യേകത കൊണ്ട് അറിയപ്പെടുന്നത് തന്നെ. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജലാശയങ്ങളിൽ ഒന്നാണ് രൂപ്കുണ്ഡ്. മഞ്ഞു മൂടിയ നിലയിലാണ് ഏറിയ സമയവും രൂപ്കുണ്ഡ് തടാകം കാണപ്പെടുക. വേനൽ സമയത്ത് മഞ്ഞുരുകുമ്പോളാണ് ഈ അസ്ഥികൾ കാണാൻ സാധിക്കുക. അടുത്ത കാലത്ത് നടന്ന പഠനത്തിൽ ഈ അസ്ഥികൾക്ക് 1200 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.അഞ്ഞൂറിലധികം ആളുകളുടെ അസ്ഥികൂടങ്ങൾ ഈ തടാകത്തിന്റെ പരിസരത്ത് ഉണ്ട്. ടിബറ്റിൽ യുദ്ധത്തിന് പോയ കാശ്മീരി പട്ടാളക്കാർ വഴിതെറ്റി അവിടെ എത്തിയപ്പോൾ ഹിമപാതം കാരണം മരിച്ചതാകാം എന്നും കഥകൾ പ്രചരിക്കുന്നുണ്ട്.
കാനൂജിലെ രാജാവായ ജസ്ഥാവലും പരിവാരങ്ങളും നന്ദാ ദേവി ക്ഷേത്രത്തിലേക്കുളള ഒരു തീർത്ഥയാത്രക്കിടയിൽ ഒരു ഹിമക്കാറ്റിൽപെട്ടു മരിച്ചുവെന്നും അവരുടെ അസ്ഥികളാണ് ഇപ്പോൾ രൂപ് കുണ്ഡ് തടാകത്തിൽ കാണപ്പെടുന്നത് എന്നുമുള്ള കഥയും പ്രചരിക്കുന്നുണ്ട്. എന്തായാലും ഒട്ടേറെ ആളുകൾ ഇവിടേക്ക് എത്താറുണ്ട്. 1942ൽ ഒരു ബ്രിട്ടീഷ് ഫോറസ്റ്റ് ഗാർഡ് ആണ് ഈ അസ്ഥികൂടങ്ങൾ കണ്ടെത്തുന്നത്. പിന്നീട് ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.