ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് നടക്കുക. 68 മണ്ഡലങ്ങളിലെ 56 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് സുരക്ഷ ഒരുക്കാൻ 67 കമ്പനി കേന്ദ്രസേനയെയും, 15 സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക.
ഇത്തവണ ത്രികോണ പോര് നടക്കുന്നതിനാൽ ആംആദ്മി പാർട്ടിക്ക് ഈ ഇലക്ഷൻ നിർണായകമാണ്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം, ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് കോൺഗ്രസും കരുതുന്നുണ്ട്.
സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല സർവേ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഏറ്റവും പുതുതായി പുറത്തുവന്ന റിപ്പബ്ലിക് മാർക്യു ഒപ്പീനിയൻ പോൾ പ്രകാരം, 37 സീറ്റ് മുതൽ 45 സീറ്റ് വരെ നേടി ബിജെപി ഭരണം തുടരുമെന്നാണ് പ്രവചനം. കൂടാതെ, കോൺഗ്രസിന് 22 സീറ്റ് മുതൽ 28 സീറ്റ് വരെയും, ആംആദ്മിക്ക് 1 സീറ്റും ലഭിക്കാനാണ് സാധ്യതയെന്ന് ഒപ്പീനിയൻ പോളിൽ പറയുന്നു.