കോഴിക്കോട്: കൂട്ടബലാത്സംഗ പരാതിയിൽ പൊലീസ് ഇൻസ്പെക്ടറെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനെ സ്റ്റേഷനിൽ കയറി അറസ്റ്റ് ചെയ്തു. 2022 മെയ് മാസത്തിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സുനു ഉൾപ്പടെയുള്ള ഒരു സംഘം ബലാത്സംഗം ചെയ്തു എന്ന തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സിഐ സുനുവിനെ പതിവ് പോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റൽ സ്റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇൻസ്പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി. പരാതി നൽകിയ വീട്ടമ്മയുടെ ഭർത്താവ് ഒരു ജോലി തട്ടിപ്പ് കേസിൽ തടവിൽ കഴിയുകയാണ്. ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
യുവതിയുടെ പരാതി പ്രകാരം തൃക്കാക്കരയിലെ വീട്ടിൽ വെച്ചും, കടവന്തറയിൽ എത്തിച്ചും ഈ സംഘം യുവതിയെ ബലാത്സംഗം ചെയ്തു.റിപ്പോർട്ടുകൾ അനുസരിച്ച് ആകെ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. സിഐ സുനു, ഒരു ക്ഷേത്രം ജീവനക്കാരൻ, ഇവരുടെ വീട്ടിലെ ജോലിക്കാരി, ഇവരുടെ ഭർത്താവിന്റെ സുഹൃത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സിഐയെ കൂടാതെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ ഭീഷണിയാണ് പരാതി നൽകുന്നത് വൈകാനുള്ള കാരണമെന്നും യുവതി പറയുന്നു