ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്തെ ജനങ്ങളോടും സര്‍ക്കാരിനോടും അനുശോചനം അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇന്നലെ പ്രാദേശിക സമയം നാല് മണിയോടെയാണ് ആളുകള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയില്‍ സ്ഫോടനം ഉണ്ടാകുന്നത്. സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഇസ്തില്‍കല്‍ ഷോപ്പിങ് സ്ട്രീറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ചാവേറാക്രമണമാണെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഹീനമായ ബോംബ് ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗന് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും എര്ദോഗന് പറഞ്ഞു.