കൊച്ചി: കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന (കുഫോസ്) വൈസ് ചാന്‍സലറായി ഡോ റിജി ജോണിനെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും.
ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറയുക. യുജിസി ചട്ടപ്രകാരമല്ല വിസിയെ നിയമിച്ചതെന്നും, അതിനാല്‍ നിയമനം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം, നിയമന തീയതി മുതല്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം, കുഫോസ് വി സി നിയമനത്തില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് സര്‍ക്കാരിനും നിര്‍ണായകമാണ്. എറണാകുളം സ്വദേശിയായ ഡോ. കെ.കെ. വിജയന്, ഡോ. സദാശിവന് എന്നിവരാണ് ഹര്‍ജിക്കാര്‍.
കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന വൈസ് ചാന്‍സലര്‍ ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. സേര്‍ച്ച് കമ്മിറ്റി വിസി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തത്. മാത്രമല്ല സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.