തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. ഏതാണ്ട് ഒരു ലക്ഷം പേരെ അണിനിരത്തി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കാൻ വേണ്ടി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
ഗവർണർ സർക്കാർ പോരാട്ടം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. എൽഡിഎഫ് സംസ്ഥാന നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ പത്തു മണിക്കാരംഭിക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.ഹാജർ ഉറപ്പു നൽകി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരത്തിനിറക്കാൻ എൽഡിഎഫിന് ശ്രമമുണ്ടെന്ന് കാണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.