തിരുവനന്തപുരം: മെഡിക്കൽ സേവനങ്ങൾ വീട്ടുപടിക്കൽ എത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈഡ്റൈഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഡോക്ടറും ആംബുലൻസും വരെ വീട്ടിലെത്തുന്ന മൊബൈൽ ആപ്പിന്റെ പേരും ‘മൈഡ്റൈഡ്’ എന്ന് തന്നെയാണ്. ഇതോടെ, ലാബ് പരിശോധന, മരുന്ന്, കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങൾ ആപ്പ് മുഖാന്തരം വീടുകളിൽ ലഭ്യമാക്കാൻ സാധിക്കും.
മന്ത്രി പി. രാജീവാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ‘വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്ന് വീടുകൾ ഓഫീസുകളായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടുകളിൽ ക്ലിനിക് സൗകര്യവും മൈഡ്റൈഡ് ആപ്പ് മുഖാന്തരം എത്തിക്കാൻ കഴിയുന്നത് അഭിനന്ദനാർഹമാണ്’, മന്ത്രി പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് മൈഡ്റൈഡിന്റെ സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുക. പിന്നീട് രാജവ്യാപകമായി സേവനങ്ങൾ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വീടുകളിൽ തന്നെ മെഡിക്കൽ സേവനങ്ങൾ എത്തിക്കാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള ആപ്പ് കേരളത്തിൽ ആദ്യമായാണ് പ്രവർത്തിക്കുന്നത്.