ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍. ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്. കലിയുഗവരദനായ ശ്രീധര്‍മ്മ ശാസ്താവിന്റെ പുണ്യദര്‍ശനം നേടാന്‍ വ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്. തത്വമസി…’അതു നീ തന്നെയാകുന്നു’. നാം ആരെ കാണാനായി പോകുന്നുവോ അതു നാം തന്നെയാണ് എന്ന പ്രപഞ്ച സത്യം തേടിയുള്ള യാത്ര ഇന്ന് ആരംഭിക്കുകയാണ്.
41 ദിവസമാണ് ഒരു മണ്ഡലകാലം. പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെയുള്ള 11 ദിവസവും ചേരുന്നതാണ് 41 ദിവസത്തെ മണ്ഡലകാലം. അയ്യപ്പ മുദ്ര രുദ്രാക്ഷമാലയില്‍ ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെയാണ് ഓരോ അയ്യപ്പന്മാരും മലചവിട്ടുന്നത്.
ജീവിതത്തില്‍ ഇന്നു വരെ ചെയ്തുപോന്ന സകല പുണ്യപാപങ്ങളെയും ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റി, ഭഗവാന്റെ കാല്ക്കല് സമര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കായൊരു യാത്ര. അതാണ് ഓരോ അയ്യപ്പന്റെയും ലക്ഷ്യം. ജാതിമത ഭേദമന്യേ സര്‍വമത സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരീശ സന്നിധിയില്‍ എത്തിച്ചേരുകയെന്നത് മോക്ഷപ്രാപ്തിയായാണ് ഭക്തലക്ഷങ്ങള്‍ വിശ്വസിക്കുന്നത്.
മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാര് ചൂണ്ടിക്കാട്ടുന്നത്.
പഞ്ചശുദ്ധികളുടെ സംഗമമാണ് വ്രതങ്ങള്‍.പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശ്യങ്ങളാണ് വ്രതങ്ങള്‍ക്കുള്ളത്.ഹൈന്ദവ സംസ്കാരത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വ്രതമാണ് മണ്ഡലകാലം. ശാസ്താപ്രീത്യര്‍ത്ഥമായി അനുഷ്ഠിക്കുന്ന ഈ വ്രതത്തെ ശബരിമല വ്രതമെന്നും പറയുന്നു
വൃശ്ചികം ഒന്നിന് രാവിലെ ക്ഷേത്രത്തില്‍ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കുന്നു. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കി അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഒപ്പം പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ശരണം വിളിക്കണം. ഒടുവില്‍ ആചാരപ്രകാരം ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.
ശബരിമല വ്രതത്തെ ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതപ്പെടുന്നത്. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്. ശബരിമല യാത്രയില്‍ ഇവ മൂന്നില്‍ നിന്നും ഒരുമിച്ച് മോചനം നേടാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മണ്ഡല കാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും, പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമര്‍പ്പിക്കുമ്പോള്‍ ദേവകടവും, പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പിതൃകടവും തീരുന്നു. അങ്ങനെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാധ്യമാവുന്നു. ധനു പതിനൊന്നിന് നടക്കുന്ന മണ്ഡലപൂജയോട് കൂടി മണ്ഡലകാലം പരിസമാപ്തിയിലെത്തുന്നു.