എരുമേലി: എരുമേലിയിൽ ഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടിത്തം. മങ്ങാട്ട് ജെയ്മോന്റെ ഫർണിച്ചർ വർക്ക് ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഹോട്ടലിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപടർന്ന് കർട്ടൻ നെറ്റ് കത്തി ജെയ്മോന്റെ കടയ്ക്കുള്ളിൽ വീണാണ് അഗ്നിബാധയുണ്ടായത്. ശബരിമല സീസൺ മുൻനിർത്തി ആരംഭിച്ച താത്കാലിക യൂണിറ്റിൽ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും ലക്ഷങ്ങൾ വിലയുള്ള ഫർണീച്ചർ ഉപകരണങ്ങൾ കത്തി നശിച്ചിരുന്നു.
അതേസമയം, ശബരിമല സീസണാരംഭത്തിനിടെ പൊലീസ് സ്റ്റേഷനുസമീപം കടയിൽ പുലർച്ചെയുണ്ടായ തീപിടിത്തം ആശങ്ക പരത്തി. കടകളിൽ അഗ്നിശമന ഉപകരണം നിർബന്ധമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഇത്തവണ ശബരിമല തീർഥാടന മുന്നൊരുക്ക യോഗത്തിൽ സീസൺ കടകളിൽ അഗ്നി ശമന ഉപകരണം നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നു. ഇവ ഇല്ലെങ്കിൽ കടകളുടെ ലൈസൻസ് റദ്ദാക്കാനും നിർദേശിച്ചിരുന്നു. മണ്ഡലകാലം ആരംഭിച്ചിട്ടും ഈ തീരുമാനം നടപ്പിൽ വന്നിട്ടില്ല.