നിയമസഭ സമ്മേളനം; ഗവര്‍ണറുടെ പച്ചക്കൊടി, വെറ്ററിനറി വൈസ് ചാന്‍സലര്‍ക്ക് ഉടന്‍ നോട്ടീസില്ല

തിരുവനന്തപുരം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് കടക്കുന്നതിനിടെ, ഡിസംബര്‍ അഞ്ചു മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണറുടെ അംഗീകാരം.

അതിനിടെ, പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച്‌ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ല. മറ്റു വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം വരട്ടെ എന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹര്‍ജികള്‍ ഈ മാസം 30നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അതേസമയം, സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരിക എന്നതാണ് സഭാ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാകുന്ന സാഹചര്യവുമുണ്ട്.