തിരുവനന്തപുരം ∙ കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി പ്രവർത്തകരുടെ പട്ടിക ചോദിച്ച് മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐപിസി 465 (വ്യാജരേഖ ചമയ്ക്കൽ), ഐപിസി 466 (ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ), ഐപിസി 469 (ഒരാളുടെ പദവിയെ ഇകഴ്ത്തിക്കാട്ടാൻ രേഖകളിൽ കൃത്രിമം കാണിക്കൽ) വകുപ്പുകൾ അനുസരിച്ചാണ് കേസ്. മേയറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി നിർദേശിച്ചിരുന്നു. കോർപറേഷനെയും മേയറെയും പൊതുജനമധ്യത്തിൽ ഇകഴ്ത്തി കാണിക്കാനും മേയറുടെ സൽകീർത്തിക്ക് ഭംഗം വരുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെയുമാണു കത്ത് വ്യാജമായി തയാറാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു. മേയർ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ഒക്ടോബർ 30 മുതൽ നവംബർ നാലു വരെ ഡൽഹിയിലായിരുന്നു. ആ സമയത്താണ് നവംബർ ഒന്ന് എന്ന തീയതിവച്ച് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ കൃത്രിമം കാണിച്ച് ദിവസവേതനക്കാരെ നിയമിക്കുന്നതിനു മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ചതായി പ്രചരിപ്പിച്ചത്.
വ്യാജ ഒപ്പുവച്ച കത്ത് ഔദ്യോഗിക ലെറ്റർപാഡിൽ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. യഥാർഥ കത്ത് കണ്ടെത്താനായിട്ടില്ല. വാട്സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കേസെടുത്ത് അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാന്‍ കഴിയൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കേസെടുത്തതോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്നു പൊലീസ് പറയുന്നു. സംശയമുള്ളവരുടെ ഫോണുകളും നഗരസഭയിലെ കംപ്യൂട്ടറുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രന്റെ ലെറ്റർപാഡിൽ എഴുതിയ കത്ത് ഈ മാസം അഞ്ചിനാണു പുറത്തുവന്നത്. ഒരു നേതാവ് വാട്സാപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതോടെയാണ് കത്ത് ചോർന്നത്.