ന്യൂഡൽഹി ∙ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം പ്രദേശത്ത് കുടുംബത്തിലെ നാലുപേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. യുവാവിന്റെ പിതാവും സഹോദരിമാരും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേശവ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. ലഹരിക്ക് അടിമയായിരുന്നു കേശവ്.
ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് കേശവ് ഡൽഹിയിലെ വീട്ടിൽ മടങ്ങിയെത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരു യുവതിയുടെ മൃതദേഹം തറയിലും രണ്ട് മൃതദേഹങ്ങൾ ശുചിമുറിയിലും ആയിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ പൊലീസിനു ലഭിച്ച അജ്ഞാത സന്ദേശത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.