തലശ്ശേരി∙ ഫുട്ബോൾ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ ബാലന്റെ കൈ മുറിച്ചു മാറ്റിയത് ചികിത്സപ്പിഴവെന്ന പിതാവിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ അനാസ്ഥയാണു കുട്ടിയുടെ കൈ നഷ്ടപ്പെടാനിയാക്കിയതെന്നു കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയതിനു പിന്നാലെയാണ് നടപടി. തലശ്ശേരി ജനറല് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ ഡോ. വിജുമോന് എതിരെയാണ് പൊലീസ് കേസ്. ചികിത്സപ്പിഴവെന്ന പരാതിയിലാണ് നിലവിൽ കേസെടുത്തതെന്നും ആരോഗ്യവകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ചേറ്റംകുന്ന് നസ ക്വാർട്ടേഴ്സിൽ അബൂബക്കർ സിദ്ദിഖിന്റെ മകൻ സുൽത്താൻ ബിൻ സിദ്ദിഖിന്റെ (17) കൈ ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മുറിച്ചു മാറ്റേണ്ടി വന്നത്. ഒക്ടോബർ 30നാണ് ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ ഇടതു കയ്യിലെ 2 എല്ലുകൾ പൊട്ടിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ എക്സ്റേ നോക്കിയതിനു ശേഷം ആർഎംഒ സ്കെയിൽ വച്ചു കൈ കെട്ടി. 31നു ശസ്ത്രക്രിയ ചെയ്യാമെന്ന് എല്ലുരോഗ വിദഗ്ധൻ ഡോ. വിജുമോൻ അറിയിച്ചെങ്കിലും ചെയ്തില്ല. പിന്നീട് തങ്ങളുടെ നിർബന്ധത്തിനു വഴങ്ങി പിറ്റേന്നു ശസ്ത്രക്രിയ ചെയ്തു. എല്ലിനു സ്റ്റീൽ റോഡ് ഇട്ടിട്ടുണ്ടെന്നും രക്തയോട്ടം നിലച്ചുപോയെന്നും ഡോക്ടർ അറിയിച്ചു. പിറ്റേന്നു കുട്ടിയെ പൊള്ളലേറ്റ രോഗികളെ കിടത്തുന്ന ഭാഗത്തേക്കു മാറ്റി. ശസ്ത്രക്രിയ ചെയ്ത ഭാഗം സ്റ്റിച്ച് ചെയ്തില്ലെന്നും അതിനാലാണ് അവിടേക്കു മാറ്റുന്നതെന്നും അറിയിച്ചു. പരുക്കു പറ്റിയ കയ്യുടെ വിരലുകൾ ചലിപ്പിക്കാൻ അടുത്ത ദിവസം പറഞ്ഞപ്പോൾ സാധിക്കുന്നില്ലായിരുന്നു.ഒടുവിൽ ഇക്കഴിഞ്ഞ 9ന് ശസ്ത്രക്രിയ നടത്തിയ മുറിവു മൂടണമെങ്കിൽ പ്ലാസ്റ്റിക് സർജറി നടത്തണമെന്നു പറഞ്ഞു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. അവിടെ പരിശോധിച്ച ഡോ. രാജൻ 4 ശസ്ത്രക്രിയ വേണ്ടിവരുമെന്നും ചിലപ്പോൾ കൈ പൂർണമായും മുറിച്ചു മാറ്റേണ്ടിവരുമെന്നും അറിയിച്ചു. വേദന കൊണ്ടു പുളയുന്ന കുട്ടിക്കു മറ്റു ചികിത്സയൊന്നും നൽകിയതുമില്ല. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പോയി. അവരും കൈ പൂർണമായും മുറിച്ചുമാറ്റണമെന്ന് അറിയിച്ചതോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചു. അവരുടെ നിർദേശവും അതു തന്നെയായിരുന്നു. തിരിച്ചു ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈ മുട്ടിനു താഴെ വച്ചു മുറിച്ചുമാറ്റി.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നുണ്ടായ അനാസ്ഥയാണു കുട്ടിയുടെ കയ്യിൽ പഴുപ്പു കയറി മുറിച്ചു മാറ്റാനിടയാക്കിയതെന്നും കുറ്റക്കാരായവർക്കെതിരെ നടപടി വേണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം.കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്നു തന്നെ പരിശോധിച്ചിരുന്നുവെന്ന് ഡോ. വിജുമോൻ പറഞ്ഞു. കുട്ടിയുടെ ഒപ്പം ഒരു ചെറിയ കുട്ടി മാത്രം ആണുണ്ടായിരുന്നത്. മുതിർന്നവർ വന്നാൽ കാണാൻ പറയണമെന്ന് അറിയിച്ചെങ്കിലും വൈകിട്ട് വരെ ആരും എത്തിയില്ല. ലാബ് പരിശോധനകൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു. പിന്നീട് ലാബ് പരിശോധന പൂർത്തിയായ മുറയ്ക്കു ശസ്ത്രക്രിയ നടത്തി. ഇതിനിടെ പൊട്ടിയിടത്തു നീരു വന്നു രക്തക്കുഴലുകൾ അടഞ്ഞു പോയിരുന്നു. കൈ ചിലപ്പോൾ മുറിക്കേണ്ടി വരുമെന്ന് യഥാസമയം കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചിരുന്നുവെന്നാണ് ഡോ. വിജുമോൻ പറഞ്ഞിരുന്നത്.