വീട്ടിലെ 11 സ്വിച്ച് ബോർഡുകൾ മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷൻ, രണ്ട് പമ്പിങ് മോട്ടറുകൾ, ഒരുമിക്സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി.കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്തുള്ള വീട്ടിലെ അസ്വാഭാവിക സംഭവങ്ങൾക്കുപിന്നിൽ എട്ടാംക്ലാസ്സുകാരനെന്നു പോലീസ് കണ്ടെത്തൽ. സൈബർ സെൽ, വൈദ്യുതി ബോർഡ്, ഇലക്ട്രോണിക്സ് വിദഗ്ധർ എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ദുരൂഹതകൾക്കുപിന്നിൽ വീട്ടിലെതന്നെ കുട്ടിയുടെ വികൃതികളാണെന്നു കണ്ടെത്തിയത്. വാട്സാപ്പ് സന്ദേശമെത്തിയശേഷം ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ബോർഡുകളും പൊട്ടിത്തെറിക്കുകയും തകരാറിലാകുകയും ചെയ്യുന്നെന്നായിരുന്നു പരാതി.നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തിൽ രാജന്റെ വീട്ടിലാണ് സംഭവങ്ങൾ അരങ്ങേറിയത്. രാജന്റെ ഭാര്യ വിലാസിനിയുടെ ഫോണിൽനിന്നാണ് മകൾ സജിതയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നത്. വിലാസിനിയുടെ വാട്സാപ്പ് തന്റെ ഫോണിലെ വാട്സാപ്പുമായി ലിങ്ക് ചെയ്ത് കുട്ടിതന്നെയാണ് സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തി. ഇതോടെയാണ് ദുരൂഹതയുടെയും കെട്ടുകഥയുടെയും പിന്നിലെ ചുരുൾ അഴിഞ്ഞത്.
വീട്ടുകാരെ അമ്പരപ്പിക്കുന്നതിനുവേണ്ടി ചെയ്തതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. മറ്റുനമ്പരുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുക, മോട്ടോറിന്റെ സ്വിച്ച് മുൻകൂട്ടി ഓൺ ചെയ്തശേഷം ഇപ്പോൾ നിറയുമെന്നു സന്ദേശം നൽകുക, വൈദ്യുതി ഇപ്പോൾ പോകുമെന്ന സന്ദേശം നൽകിയശേഷം ബ്രേക്കറുകൾ ഓഫ് ചെയ്യുക, സ്വിച്ച് ബോർഡിൽ വയറുകൾ ഷോർട്ടാക്കിയശേഷം വൈദ്യുതോപകരണങ്ങൾ തകരാറിലാക്കുകയും മുൻകൂട്ടി സന്ദേശം അയയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു ബാലന്റെ വികൃതികൾ. വീട്ടുകാർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും സംഭാഷണവിഷയവുംവരെ മെസേജുകളായി എത്തിയതോടെ എല്ലാവരും പരിഭ്രാന്തരായി.
ചാത്തൻ സേവയെന്നും തങ്ങളെ അപായപ്പെടുത്താനുള്ള നീക്കമെന്നുമെല്ലാം സംഭവം വ്യാഖ്യാനിക്കപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ രാജവിലാസത്തിലെ ദുരൂഹതകൾ വൈറലായി. വീട്ടിലെ 11 സ്വിച്ച് ബോർഡുകൾ മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷൻ, രണ്ട് പമ്പിങ് മോട്ടറുകൾ, ഒരുമിക്സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി.വാർത്തകൾ വൈറലായതോടെയാണ് കൊട്ടാരക്കര സി.ഐ. പ്രശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചതും രണ്ടുദിവസത്തിനുള്ളിൽ ബാലവികൃതിയെന്നു കണ്ടെത്തിയതും. കേസെടുക്കാതെയും സംഗതികൾ വീട്ടുകാരെ ബോധ്യപ്പെടുത്തിയും കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.