തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. തുറമുഖ നിർമാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകൾ എടുത്തു. മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
അതേസമയം, തുറമുഖ നിർമാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തു. ലഭിക്കുന്ന പരാതികൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അതിജീവന സമരത്തെ പ്രകോപിപ്പിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് യൂജിൻ പെരേര പറഞ്ഞു. ഒരു വിഭാഗം കല്ലെറിയാനും അധിക്ഷേപിക്കാനും തയാറായെന്നും അവർക്ക് സർക്കാർ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് തയാറാണെന്നും എന്നാൽ രേഖമൂലമുള്ള ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിന്റെ 130–ാം ദിവസമായ ഇന്നലെ തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തിയിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളിൽ നിർമാണത്തിനുള്ള പാറക്കല്ലുകൾ എത്തിയതോടെയാണു സംഘർഷത്തിനു തുടക്കമായത്. സംഘർഷത്തിൽ തുറമുഖ വിരുദ്ധ സമരസമിതിയിലെ 16 പേർക്കും അനുകൂല സമര സമിതിയിലെ 4 പേർക്കും പരുക്കേറ്റിരുന്നു.