തിരുവനന്തപുരം∙ കോവളത്ത് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത് 38 ദിവസങ്ങൾക്കുശേഷമാണ് എന്നത് കേസിൽ വെല്ലുവിളിയായിരുന്നെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ മോഹൻ രാജ്. മൃതശരീരം ജീർണിച്ച് ബയോളജിക്കൽ തെളിവുകൾ നഷ്ടമായിരുന്നു. സാഹചര്യത്തെളിവുകൾ മാത്രമായിരുന്നു ആശ്രയം. തെളിവുകൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞു. സ്ഥലപരിചയം ഇല്ലാത്ത വിദേശ വനിതയ്ക്ക് കണ്ടൽത്തുരുത്തിലേക്ക് ഒറ്റയ്ക്ക് എത്താൻ കഴിയുമായിരുന്നില്ല. ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലേക്ക് പൊലീസും പ്രോസിക്യൂഷനും എത്തി.
‘‘ആരാണ് എത്തിച്ചതെന്നായിരുന്നു അടുത്ത ചോദ്യം. ഇതിനുള്ള 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത് കോടതി അംഗീകരിച്ചു. ഭാരതീയനെന്ന നിലയിൽ വിധിയിൽ സന്തോഷമുണ്ട്. വിദേശത്തുനിന്ന് നമ്മുടെ നാട്ടിലെത്തിയ യുവതിക്ക് ദാരുണമായ മരണം ഉണ്ടായപ്പോൾ അവരുടെ കുടുംബത്തിനു നീതി ലഭിക്കാൻ ഇടപെടാനായി. കേസിൽ രണ്ടുപേർ കൂറുമാറി. അതിലൊരാൾ കെമിക്കൽ എക്സാമിനർ ആയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോ. ശശികലയുടെ മൊഴികൾ നിർണായകമായി. സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയാണ് പീഡനം തെളിയിച്ചത്. വിദേശ വനിതയുടെ അടിവസ്ത്രം കണ്ടെടുത്തതും പ്രതികളുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും കോടതി പരിഗണിച്ചു’’– സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞു.ദൃക്സാക്ഷി ഇല്ലാത്തതും സ്ഥലത്തിന്റെ പ്രത്യേകതയും വെല്ലുവിളിയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിനിൽ രാജ് പറഞ്ഞു. വിദേശ വനിതയെ കാണാതായ ദിവസം മുതൽ മൃതദേഹം കണ്ടെത്തിയ ദിവസം വരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തി. മൊഴികൾ സൂക്ഷ്മമായി പരിശോധിച്ചു. പ്രതികൾ മുൻപ് കേസുകളിൽ ഉൾപ്പെട്ടെന്ന വിവരം ലഭിച്ചതും സഹായകരമായി. സാക്ഷികൾ കൂറുമാറിയാലും സാഹചര്യത്തെളിവുകളുടെ സത്യം നിലനിൽക്കുമെന്നാണ് ഈ കേസ് തെളിയിക്കുന്നത്.