സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന സർക്കാർ വാദം പ്രകോപനപരം. സർക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു.മാധ്യമങ്ങൾക്കെതിരെയും വിമർശനമുയർന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിൻ്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘർഷത്തിനും പൊലീസ് സ്റ്റേഷൻ അക്രമത്തിനും കാരണം പ്രകോപനം. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സർക്കുലർ.
സമരം അതിജീവനത്തിന് വേണ്ടിയുള്ളത്. അധികാരത്തിന് വേണ്ടിയുള്ളതല്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മനസിലാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.
ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സർക്കുലറിലെ പ്രധാന ആവശ്യം. അതേസമയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചകൾ തുടരും.
വിഴിഞ്ഞം സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ആർച്ച് ബിഷപ്പ് ഉന്നയിക്കുന്നത്. സർക്കാരിന്റെ നിസ്സംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളിൽ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്ത്രീകളെ പൊലീസ് മർദിച്ചു. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തിയുള്ള ഡോ. തോമസ് ജെ നെറ്റോയുടെ സർക്കുലർ ഇന്ന് അതിരൂപതക്ക് കീഴിലെ എല്ലാ പള്ളികളിലും വായിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. തുറമുഖ നിർമാണം സ്ഥിരമായി നിർത്തിവെക്കണമെന്നല്ല, നിർമാണം നിർത്തിവെച്ചുള്ള പഠനമാണ് വേണ്ടത്. ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു.
അതേസമയം, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചകളും തുടരുകയാണ്. മലങ്കര, ലത്തീൻ സഭാ നേതൃത്വവുമായി കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയിൽ തുടർചർച്ചകൾക്ക് ധാരണയായിരുന്നു. അനൗദ്യോഗിക ചർച്ചകളിൽ ധാരണയായ ശേഷം ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കാനാണ് ആലോചന. സമാന്തമരമായി ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും സജീവമാണ്.