ഭാരത് ജോഡോ യാത്രയും പാളി: കോൺ​ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകളും നഷ്ടമാകും, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകൾ

അഹമ്മദാബാദ്: ​ഗുജറാത്തിൽ ഇക്കുറി അത്ഭുതങ്ങൾ ഒന്നും പ്രവർത്തിക്കാൻ കോൺ​ഗ്രസിനോ ആം ആദ്മി പാർട്ടിക്കോ കഴിയില്ലെന്ന സൂചനകളാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകുന്നത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്ന ​ഗുജറാത്തിൽ ബിജെപിക്ക് ഇക്കുറി ചരിത്രവിജയമാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം തങ്ങൾക്ക് സമ്മാനിക്കണം എന്ന് തന്നെയായിരുന്നു ​ഗുജറാത്തികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അഭ്യർത്ഥിച്ചിരുന്നത്. ഇരുവരുടെയും അഭ്യർത്ഥന ​ഗുജറാത്തികൾ ശിരസാവഹിച്ചപ്പോൾ കോൺ​ഗ്രസിന് സിറ്റിം​ഗ് സീറ്റുകൾ പോലും നഷ്ടമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

തുടർച്ചയായി ഏഴാം തവണയും ബിജെപി ഗുജറാത്തിൽ വിജയിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ കാണിക്കുന്നത്. 2017-ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ ദ്വികക്ഷി പോരാട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി, ആം ആദ്മി പാർട്ടിയുടെ പ്രവേശനം നിലവിലെ മത്സരത്തെ ത്രികോണ പോരാട്ടമാക്കി മാറ്റിയിരുന്നു. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഗുജറാത്തിൽ ബിജെപി 56 ശതമാനം വോട്ട് വിഹിതം നേടുമെന്നും കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) യഥാക്രമം 26 ശതമാനവും 20 ശതമാനവും വോട്ട് വിഹിതം നേടുമെന്നും പ്രവചിക്കുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 129 മുതൽ 151 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 16 മുതൽ 30 വരെ സീറ്റുകളും അരവിന്ദ് കെജ്രിവാളിന്റെ എഎപി 3- 9 സീറ്റുകളും നേടിയേക്കും. സംസ്ഥാനത്തെ മറ്റ് പാർട്ടികൾക്ക് ഗുജറാത്തിൽ 2 മുതൽ 6 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

അതേസമയം, ഹിമാചൽ പ്രദേശിലും ബിജെപിക്ക് അധികാര തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചെടുക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.