തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് മഴ കനക്കും. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി മാറും. ഇന്ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം ചുഴലിക്കാറ്റ് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ ഡിസംബർ 10,11 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റര്‍ വരെ വേഗതയിലും തമിഴ്‌നാട്- പുതുച്ചേരി തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം, വടക്ക് ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.