ക്രൊയേഷ്യയ്ക്കെതിരെ മൂന്നു ഗോൾ നേടി അർജന്റീന ലോകകപ്പ് ഫൈനലിൽ.

ദോഹ: ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലോകകപ്പ് ചരിത്രത്തിൽ ആറാമത്തെ ഫൈനലിന് യോഗ്യത നേടി അർജന്‍റീന. ആദ്യ പകുതിയിൽ അർജന്‍റീന 2-0ന് മുന്നിലായിരുന്നു. ആദ്യം 34-ാം മിനിട്ടിൽ നായകൻ ലയണൽ മെസി പെനാൽറ്റിയിലൂടെയും 39-ാം മിനിട്ടിൽ യുവതാരം ജൂലിയൻ ആൽവാരസുമാണ് അർജന്‍റീനയ്ക്കായി ഗോളുകൾ നേടിയത്.

69-ാം മിനിട്ടിൽ ലയണൽ മെസിയുടെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ ജൂലിയൻ ആൽവാരസ് രണ്ടാമതും ലക്ഷ്യം കണ്ടു. ലോകകപ്പിൽ അഞ്ചാമത്തെ ഗോളാണ് മെസി നേടിയത്. ഇതോടെ സുവർണപാദുകത്തിനായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് താരം എംബാപ്പെയ്ക്കൊപ്പമെത്താനും മെസിക്ക് സാധിച്ചു.ജൂലിയൻ ആൽവാരസ് നടത്തിയ മുന്നേറ്റം തടയാനായി ബോക്സിനുള്ളിൽവെച്ച് ഗോൾകീപ്പർ ഡോമിനിക് ലിവാകോവിച്ചും മറ്റെ കൊവാച്ചിച്ചും മഞ്ഞ കാർഡ് കണ്ടു. ഇതോടെയാണ് അർജന്‍റീനയ്ക്ക് പെനാൽറ്റി കിക്ക് ലഭിച്ചത്.

മത്സരത്തിന്‍റെ തുടക്കം മുതൽ അർജന്‍റീന ഇരമ്പിയാർത്തു. നിരവധി തവണ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിക്കാൻ മെസിയ്ക്കും കൂട്ടർക്കും സാധിച്ചു.മികച്ച പ്രകടനവും പ്രധിരോധവുമാണ് അർജന്റീന ഇന്ന് പുറത്തെടുത്തത്.കൌണ്ടർ അറ്റാക്കുകളിലൂടെ ക്രൊയേഷ്യയും ഭീതി വിതച്ചു. നിരവധി തവണ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷകനായി മാറുകയായിരുന്നു.

74-ാം മിനിട്ടിൽ ഡിപോളിനെയും ഗോൾ സ്കോറർ ആൽവാരസിനെയും പിൻവലിച്ച് പലാസിയോയെയും ഡിബാലയെയും ഇറക്കി. അർജന്‍റീന ആരാധകർ കാത്തിരുന്ന ഡിബാല, ഇതാദ്യമായാണ് ഈ ലോകകപ്പിൽ കളത്തിൽ ഇറങ്ങിയത്. അതേസമയം ക്രൊയേഷ്യൻ നിരയിൽ കഴിഞ്ഞ മത്സരത്തിലെ മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്ന നായകൻ ലുക്കാ മോഡ്രിച്ചിനെ 80-ാം പിൻവലിച്ചു. അവസാന നിമിഷം വരെ ക്രൊയേഷ്യ ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും എമിലിയനോ മാർട്ടിനസ് എന്ന വിശ്വസ്തനായ കാവൽക്കാരൻ അവർക്ക് മുന്നിൽ വിലങ്ങുതടിയായി മാറി.