വിവാഹ വാ​ഗ്ദാനം നൽകി പീഡനം, ഫോട്ടോഗ്രാഫർ അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ കുന്നംകുളം ആനായിക്കൽ പ്രണവ് സി സുഭാഷിനെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് താമസമാക്കിയ മലപ്പുറം സ്വദേശിനിയാണ് പരാതിക്കാരി.സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയുമായി താൻ വിവാഹ മോചിതനാണെന്നു പറഞ്ഞാണ് പ്രണവ് പരിചയം സ്ഥാപിച്ചത്. ഇക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ എതിർപ്പുണ്ടായില്ല. അതുകൊണ്ട് താൻ പ്രണയവുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

മുൻ ഭാര്യയുമായി ചില കേസുകളുണ്ടെന്ന് പറഞ്ഞാണ് പ്രണവ് യുവതിയുമായുള്ള വിവാഹം വൈകിപ്പിച്ചത്. തന്നെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നു പറഞ്ഞ് ഒരുമിച്ച് യാത്ര ചെയ്യുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ കുട്ടിയെ ഒഴിവാക്കാനായിരുന്നു നിർദ്ദേശം.യുവതി ഇത് അംഗീകരിച്ചില്ല. ഉടനെ വിവാഹം നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു.തന്റെ വീട്ടുകാർക്ക് യുവതിയുമായുള്ള വിവാഹത്തിന് താൽപര്യമില്ലെന്നു പറഞ്ഞ് പ്രണവ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയായിരുന്നു.

തന്നെ വിവാഹം കഴിക്കുമെന്നുള്ള വാക്കിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ ഇടയ്ക്കിടെ വന്നു താമസിക്കാൻ അനുവദിച്ചത്. തിരുവനന്തപുരത്ത് ഹോട്ടലിൽ വെച്ചും ഫ്ലാറ്റിൽ വെച്ചും തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രണവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.