ഉദയനിധി സ്റ്റാലിൻ ഇനി മന്ത്രി സഭയിൽ,സത്യ പ്രതിജ്ഞ കഴിഞ്ഞു

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യൂത്ത് വിങ് സെക്രട്ടറിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എ ന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു.

തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45 കാരനായ ഉദയനിധി.2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. 2021 ല്‍ തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുൻപും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി.

1984 ൽ ആദ്യമായി എംഎൽഎ ആയ സ്റ്റാലിനെ മന്ത്രിയാക്കാൻ പിതാവും മുഖ്യമന്ത്രിയും ഡി എം കെ തലവനുമായിരുന്ന കരുണാനിധിക്ക് 25 വർഷം കാത്തിരിക്കേണ്ടി വന്നു. എന്നാൽ 2021 ൽ ആദ്യമായി എം എൽ എ ആയ മകനെ മുഖ്യമന്ത്രിയും പാർട്ടി തലവനുമായ സ്റ്റാലിൻ 20 മാസത്തിൽ മന്ത്രിയാക്കി.