തിരുവനന്തപുരം : 27-ാമത് ഐ എഫ് എഫ് കെ മനുഷ്യജീവിതത്തിൻ്റെ പരിച്ഛേദമാണെന്ന് ഉറപ്പിക്കുന്നതാണ് മേളയിലെത്തിയ അന്താരാഷ്ട്ര ചിത്രങ്ങൾ.
പല സമൂഹങ്ങളിലും ഇന്നും വെറുക്കപ്പെട്ട വിഭാഗമായി തുടരുന്ന ട്രാൻസ് ന്യൂനപക്ഷങ്ങളുടെ ലൈംഗിക ജീവിതം നേരിടുന്ന പ്രതിസന്ധികൾ പ്രമേയമാക്കിയ എ പ്ലേസ് ഒഫ് ഔവർ ഓൺ ,സ്വവർഗ്ഗാനുരാഗിയുടെ നിലനിൽപ്പിനുളള പോരാട്ടം പറയുന്ന കൺസേൺഡ് സിറ്റിസൻ, അഭയാർത്ഥി തൊഴിലാളികളുടെ ദുതിത ജീവിതം പറയുന്ന കൺവീനിയൻസ് സ്റ്റോർ ,മനുഷ്യരുടെ യാതനകളിലൂടെ റഷ്യ – യുക്രൈൻ യുദ്ധത്തിൻ്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ക്ലൊണ്ടൈക് ,പ്രണയത്തിലും ലൈംഗികതയിലുമുളള തെറ്റും ശരിയും തിരഞ്ഞുപോകുന്നവരോട് സംസാരിക്കുന്ന 99 മൂൺസ്, മരിച്ചുപോയവരുടെ കാഴ്ചപ്പാടുകളിലൂടെ ലോകത്തെ വീക്ഷിക്കുന്ന സൈലൻസ് 6 – 9.
വിഭ്രാന്തമായ ഒരുച്ച മയക്കം സമ്മാനിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം,നുണകൊണ്ട് കെട്ടിപ്പൊക്കിയ സദാചാരത്തിൻ്റെ മതിൽ പൊളിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട രശ്മിയുടെ കഥ പറയുന്ന അറിയിപ്പ് , തുടങ്ങി കാലദേശഭേദങ്ങൾക്കതീതമായി ഒരു ഭൂഖണ്ഡത്തിലും തളക്കപ്പെടാൻ കഴിയാതെ സിനിമ വളരുകയാണ്.
കെട്ടുകൾ പൊട്ടിച്ചെറിയുന്നവൻ്റേതാണ് സിനിമ.സങ്കൽപ്പലോകത്താണ് സിനിമ നടക്കുന്നത്,നമുക്ക് പരിചയമില്ലാത്തതൊക്കെ വിചിത്രമായി തോന്നാം.ചിലപ്പോൾ ചില മനുഷ്യരുടെ പ്രണയം പോലും. ചർച്ചകൾക്ക് വഴിയൊരുക്കുകയും ,ചോദ്യങ്ങൾക്കായി കാത് തുറന്നുവയ്ക്കുകയും തുടങ്ങി ഒഴിവാക്കാനാകാത്ത ഉത്തരവാദിത്തങ്ങൾ സിനിമ നിറവേറ്റുന്നുണ്ട്.
മലയാള സിനിമകൾക്ക് അന്താരാഷ്ട്ര തലത്തിൽ കാഴ്ചക്കാരുണ്ടാകുന്നു.അന്താരാഷ്ട്ര സിനിമകൾക്ക് മലയാളികൾക്കിടയിൽ പ്രിയം കൂടുന്നു.സിനിമകൾ കാണാൻ തീയേറ്ററിനു മുന്നിലെ മത്സരം വലുതാകുന്നു.ഭാഷയ്ക്കതീതമായി നമ്മളും സിനിമയ്ക്കൊപ്പം വളരുന്നു.