പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു, ചേർത്തലയിൽ വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തി നശിച്ചു

ചേർത്തല: പാചകവാതക സിലിണ്ടറിൽനിന്ന് തീപടർന്ന് വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തി നശിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡ് ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീടാണ് കത്തിനശിച്ചത്.ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ബാബുവും ഭാര്യ അംബികയും ഈസമയത്ത് വീട്ടിലില്ലായിരുന്നു.

പരിസരവാസികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു. പാചകവാതക സിലിണ്ടറിന്റെ നോബിന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അഗ്നിശമനസേന അധികൃതർ പറഞ്ഞു.അതേസമയം, പാലക്കാട് ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനങ്ങളാണ് തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. ഇവരുടെ സഹോദരന്‍ രാജേഷിന്‍റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.മാട്ടുമന്തയിൽ ഉള്ള രാജേഷ് എന്നയാളുടെ സഹോദരിയും സഹോദരനുമാണ് സിന്ധുവും പ്രശാന്തും. രാജേഷ് ടൗൺ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയിരുന്നു. രാജേഷിന്‍റെ പക്കൽ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ തന്നെ കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് വീട്ടിലെ സ്കൂട്ടര്‍ സമീപവാസി കത്തിച്ചതായി വീട്ടമ്മ പരാതിപ്പെട്ടു.