അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം താട്ടാശ്ശേരി കൂട്ടം ഉടൻ ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ സീ 5 ആണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഡിസംബർ 23 ന് ചിത്രം ഒടിടിയിലെത്തും. എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിലീപിന്റെ സഹോദരനായ അനൂപ് പത്മനാഭനാണ്. ദിലീപിന്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടി തട്ടാശേരി കൂട്ടത്തിനുണ്ട്. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ്. അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തട്ടാശ്ശേരി കൂട്ടം കാണുമ്പോൾ മലർവാടി ആർട്സ് ക്ലബുമായി രണ്ട് സാമ്യങ്ങൾ തോന്നിയാൽ അത്ഭുതമില്ല. അവിടെയും ഇവിടെയും 5 സുഹൃത്തുക്കളുടെ കഥയും രണ്ട് ചിത്രങ്ങളും നിർമിച്ചത് ദിലീപുമാണ്. എന്നാൽ മറ്റൊരു സാമ്യവുമില്ല. തമാശയുടെ മാലപ്പടക്കം എന്നൊന്നും ഇല്ലെങ്കിലും ചിത്രത്തിന്റെ ആദ്യ പകുതിയിൽ ചില നിമിഷങ്ങളിൽ പൊട്ടിച്ചിരിപ്പിക്കാനും ഉടനീളം പുഞ്ചിരി പകരാനും ചിത്രത്തിന് കഴിയുന്നുണ്ട്.
അർജുൻ അശോകനും ഗണപതിയും കൂട്ടുകാരും ചിരിപ്പിക്കാൻ മുൻപന്തിയിൽ തന്നെ ഇരിപ്പുണ്ട്. വിജയരാഘവൻ, സിദ്ദിക്ക്, മാമുക്കോയ തുടങ്ങിയവർ ചിത്രത്തിൽ എത്തുന്നുണ്ടെങ്കിലും ഈ 5 സുഹൃത്തുക്കളെ വെച്ച് തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ സിനിമയിൽ പ്രേക്ഷകനെ ലയിപ്പിക്കുന്നത്തോടെ പ്രേക്ഷകനും കണക്ട് ആകുന്നുണ്ട്. എല്ലാ നാട്ടിലും കാണുന്ന പണിക്ക് പോകാത്ത വെള്ളമടിച്ച് നടക്കുന്ന ആ സുഹൃത്തുക്കൾ തന്നെയാണ് ഇവർ.