ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടുന്നതിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.അമേരിക്കയിലും ജപ്പാനിലും അടക്കം കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശം.അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു.
വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് രാവിലെ 11 മണിക്ക് ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ യോഗത്തിൽ വിലയിരുത്തും.ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും
ജപ്പാൻ, ചൈന, അമേരിക്ക മറ്റ് യൂറോപ്യൻ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് കണക്കുകളിൽ റെക്കോർഡ് കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1103 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയ്ക്കിടെയുള്ള കൊവിഡ് മരണ നിരക്ക് പന്ത്രണ്ടായി. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണ്.