രാജ്യത്തെ സ്ഥിതി വളരെ മോശം; വിദേശ പൗരത്വം നേടാൻ മക്കളോട് പറഞ്ഞു: ആർജെഡി നേതാവ്

ന്യൂഡൽഹി∙ വിദേശത്ത് ജോലി നേടാനും താമസമാക്കാനും മക്കളോട് പറഞ്ഞുവെന്ന് ബിഹാറിലെ ആർജെഡി നേതാവ്. ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ ബാരി സിദ്ദിഖിയുടേതാണ് പരാമർശം.

‘‘എന്റെ മകൻ ഹാവഡിലാണ് പഠിക്കുന്നത്. മകൾ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിദുരം നേടി. വിദേശത്തുതന്നെ ജോലി നേടാനും കഴിയുമെങ്കിൽ വിദേശ പൗരത്വം നേടാനും ഞാൻ അവരോട് പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികൾ മോശമായതിനാലാണു മക്കളോട് ഇങ്ങനെ പറഞ്ഞത്. എന്നാൽ ഞാൻ ഇവിടെ തന്നെയാണല്ലോ ജീവിക്കുന്നതെന്നു മക്കൾ ചോദിച്ചു. നിങ്ങൾക്ക് ഇവിടുത്തെ സാഹചര്യം നേരിടാൻ സാധിക്കില്ലെന്നു ഞാൻ മറുപടി നൽകി’’– സിദ്ദിഖി പറഞ്ഞു.മുസ്‌ലിംകളെയോ ബിജെപിയെയോ പേരെടുത്തു പരാമർശിക്കാതെയായിരുന്നു മുൻ സംസ്ഥാന മന്ത്രിയുടെ പരാമർശം. ഇതിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തി. സിദ്ദിഖിയുടെ പരാമർശം രാജ്യദ്രോഹമാണെന്നും പാക്കിസ്ഥാനിലേക്കു പോകണമെന്നും ബിജെപി ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഇവിടെ ശ്വാസം മുട്ടുന്നുണ്ടെങ്കിൽ ഇവിടുത്തെ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് പോകാം. ആരും തടയുകയില്ല. പ്രസ്താവനയിലൂടെ സിദ്ദിഖിയുടെയും പാർട്ടിയുടെയും സംസ്കാരമാണ് പ്രതിഫലിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയാണ് സിദ്ദിഖി.