കടയിൽ സാധനം വാങ്ങാനെത്തിയ മകളെ പീഡിപ്പിക്കാൻ ശ്രമം; ബേക്കറിക്ക് തീയിട്ട് പിതാവ്

കൊച്ചി ∙ ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു. സംഭവത്തിൽ ചേരാനല്ലൂർ വിഷ്ണുപുരം വേണാട്ട് വീട്ടിൽ കണ്ണനെ(ബാബുരാജ്–51) പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരമാണ് ബാബുരാജിനെ അറസ്റ്റു ചെയ്തത്. ബേക്കറി കത്തിച്ചതിനു പെൺകുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണു സംഭവം. സ്ഥലത്തുനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടിൽ അറിയിച്ചു. ഇതോടെ രോഷാകുലനായി പിതാവ് കടയിലെത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് ഇയാൾ കടയ്ക്കു തീ ഇട്ടത്. കട ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു