അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് നല്ലതാണോ? ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് ആര് അന്വേഷിക്കുന്നതിലും തനിക്ക് പരാതി ഉണ്ടായിരുന്നില്ലെന്നും കേസിന്റെ അന്വേഷണ ഫലത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

മനസാക്ഷിക്കു നിരക്കാത്തതൊന്നും ചെയ്തിട്ടില്ല.സത്യം ഒരുകാലത്തും മൂടിവെയ്ക്കാൻ കഴിയില്ല,അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് നല്ലതാണോയെന്ന് ഇനിയെങ്കിലും ആലോചിക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

പെരിയ കേസിലും ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണം നടത്താതിരിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ സർക്കാർ സോളാർ കേസ് സിബിഐക്ക് വിടുകയാണുണ്ടായത്. അതിൽ അത്ഭുതമുണ്ട്. വെള്ളക്കടലാസിൽ എഴുതി വാങ്ങിയ പരാതിയിൽ പോലീസ് റിപ്പോർട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പോലും പരിശോധിക്കാതെയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സംശയകരമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.