പത്തനംതിട്ട: മല്ലപ്പള്ളിയിൽ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിനിടെ നദിയിൽ ഒഴുക്കിൽപ്പെട്ട് കല്ലൂപ്പാറ സ്വദേശി ബിനു സോമൻ (34) എന്ന യുവാവ് മരിച്ചു. മണിമലയാറ്റിലെ പടുതോട് കടവിൽ വ്യാഴാഴ്ച രാവിലെ ഒൻപതരോടെയാണ് സംഭവം. വെപ്രാളത്തിൽ ബിനു പലവട്ടം കൈകൾ ഉയർത്തിക്കാട്ടി,പുഴയിൽ മുങ്ങിത്താഴ്ന്നു, ജീവൻ രക്ഷിക്കാനായില്ല.പുഴയിലെ കയത്തിൽ അകപ്പെട്ട യുവാവിനെ പുറത്തെടുത്തത് ഇരുപത് മിനിറ്റിനു ശേഷം.
ഇൻ്റർനാഷണൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലുകളുടെ ഭാഗമായിട്ടാണ് ബിനു പുഴയിലിറങ്ങിയത്. ജില്ലയിലെ അഞ്ചു വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ഒരേസമയം മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നത്.പടുതോട് പാലത്തിന് സമീപം കുറച്ച് പേർ ഒഴുക്കിൽപ്പെടുന്നതും അവരെ രക്ഷിക്കുന്നതുമാണ് മോക് ഡ്രില്ലിൻ്റെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങൾ യന്ത്രവത്കൃത ബോട്ടിൽ എത്തി രക്ഷിക്കണം . ഇതിനായി ബിനു ഉൾപ്പെടെയുള്ള നാല് പേരെ പുഴയിലേക്ക് ഇറക്കി. വെള്ളത്തിലിറങ്ങിയ ബിനു യഥാർഥത്തിൽ മുങ്ങിത്താഴുകയായിരുന്നു.
സന്നദ്ധ പ്രവർത്തകനായ ബിനു, വെള്ളത്തിൽനിന്നുള്ള രക്ഷാപ്രവർത്തനം അനുകരിക്കുന്ന സമയത്ത്, ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളത്തിൽ മുങ്ങിപ്പോകുകയുമായിരുന്നു. വെപ്രാളത്തിൽ ബിനു പലവട്ടം കൈകൾ ഉയർത്തിക്കാട്ടിയെങ്കിലും മോക് ഡ്രില്ലിൻ്റെ ഭാഗമാണെന്ന ധാരണയിലായിരുന്നു കരയിലുണ്ടായിരുന്നവർ.
ബിനുവിനൊപ്പം പുഴയിൽ ഇറങ്ങിയവർ ബോട്ടിന് സമീപം എത്തിയപ്പോഴാണ് ബിനുവിനെ കാണാതായ വിവരം മനസിലാക്കിയത്. ലൈഫ് ബോ എറിഞ്ഞ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ ഇരുപത് മിനിറ്റിന് ശേഷമാണ് ബിനുവിനെ കണ്ടെത്തിയത്.ബിനുവിനെ ബോട്ടിൽ കയറ്റിയെങ്കിലും യന്ത്രം പ്രവർത്തിച്ചില്ല. തുഴഞ്ഞും കയർ കെട്ടി വലിച്ചുമാണ് ബോട്ട് കരയ്ക്ക് അടുപ്പിച്ചത്.ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടേകാലോടെ മരണം സംഭവിച്ചു. വെൻ്റിലേറ്ററിൻ്റെ സഹായത്തിൽ ജീവൻ നിലനിർത്താനുള്ള ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.