വത്തിക്കാൻ സിറ്റി∙ പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം അദ്ദേഹത്തിന്റെ വിരമിക്കല്‍ പോലെ തന്നെ വത്തിക്കാന്റെ ചരിത്രത്തിലെ പല അപൂര്‍വതകളിലേക്കും വഴിതുറക്കുകയാണ്. മാര്‍പാപ്പ കാലംചെയ്താല്‍ സാധാരണ സ്വീകരിക്കുന്ന നടപടിക്രമങ്ങളില്‍ പലതും പോപ് എമരിറ്റസിന്റെ കാര്യത്തില്‍ ഉണ്ടാകില്ല. അതില്‍ ഏറ്റവും പ്രധാനം പകരക്കാരനെ തിരഞ്ഞെടുക്കല്‍ ആവശ്യമില്ല എന്നതുതന്നെ.
സാധാരണഗതിയില്‍ മാര്‍പാപ്പ കാലം ചെയ്താലുടന്‍ അദ്ദേഹത്തിന്റെ അധികാരങ്ങള്‍ ‘കാമെര്‍ലെംഗോ’ എന്ന പദവിയിലുള്ള കര്‍ദിനാളിന് കൈവരും. കാലംചെയ്ത പോപ്പിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ കാമെര്‍ലെംഗോ ആയിരിക്കും മാര്‍പാപ്പയുടെ പകരക്കാരന്. കര്‍ദിനാള്‍ കെവിന് ഫാരലാണ് ഇപ്പോഴത്തെ കാമെര്‍ലെംഗോ. നിലവിലെ മാര്‍പാപ്പയുടെ പദവിയില്‍ ഒഴിവില്ലാത്തതിനാൽ കാമെര്‍ലെംഗോയുടെ സേവനം ആവശ്യമാകുന്നില്ല. കൂടാതെ വിരമിച്ച മാര്‍പാപ്പയുടെ നിര്യാണം ആധുനിക കത്തോലിക്കാസഭയ്ക്ക് ഇതുവരെ കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ല എന്നതിനാല്‍ കാമെര്‍ലെംഗോയുടെ മറ്റ് പല ഉത്തരവാദിത്തങ്ങളും ഇതോടെ അപ്രസക്തമാകും. നടപടിക്രമങ്ങള്‍ പുതുതായി എഴുതിച്ചേര്‍ക്കേണ്ടിവരും.മാര്‍പാപ്പയുടെ നിര്യാണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് കാമെര്‍ലെംഗോയാണ്. ചെറിയ വെള്ളിച്ചുറ്റിക കൊണ്ട് മൂന്നുവട്ടം സ്വന്തം നെറുകയില്‍ തട്ടിയാണ് അദ്ദേഹം മാര്‍പാപ്പയുടെ നിര്യാണം സ്ഥിരീകരിക്കേണ്ടത്. പോപ്പ് ധരിക്കുന്ന മുക്കുവമോതിരം നശിപ്പിക്കേണ്ടതും മാര്‍പാപ്പയുടെ വസതി സീല്‍ ചെയ്യേണ്ടതും സംസ്കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് സംഘടിപ്പിക്കേണ്ടതും കാമെര്‍ലെംഗോയാണ്. ഇതില്‍ കോണ്‍ക്ലേവിന്റെ ആവശ്യം എന്തായാലും ഇല്ല. മറ്റ് ചടങ്ങുകളുടെ കാര്യത്തില്‍ വത്തിക്കാന്‍ വ്യക്തത വരുത്തിയിട്ടില്ല.
മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് കോളജ് ഓഫ് കാര്‍ഡിനല്‍സ് ഡീന്‍ ആണ്. കര്‍ദിനാള്‍ ജിയോവനി ബാറ്റിസ്റ്റ റേ ആണ് ഇപ്പോഴത്തെ ഡീന്‍. എന്നാല്‍ ബെനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ മുഖ്യകാര്‍മികത്വം വഹിച്ചേക്കുമെന്നാണ് സൂചന. അതും ചരിത്രത്തില്‍ ആദ്യമായിരിക്കും. അന്ത്യശുശ്രൂഷ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലോ അതിന് മുന്നിലുള്ള പൂമുഖത്തോ ആണ് നടക്കാറുള്ളത്. ഭൗതികശരീരം ബസിലിക്കയ്ക്ക് കീഴിലുള്ള കല്ലറയില്‍ അടക്കം ചെയ്യും.
ബെനഡിക്ട് മാര്‍പാപ്പയുടെ ബന്ധുക്കളെ അടക്കം ചെയ്തിരിക്കുന്നത് ജര്‍മനിയിലാണെങ്കിലും തന്റെ അന്ത്യവിശ്രമം വത്തിക്കാനില്‍ തന്നെ വേണമെന്ന് പോപ് എമരിറ്റസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കല്ലറയോട് ചേര്‍ന്ന് അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്ന് ബെനഡിക്ട് മാര്‍പാപ്പ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് പറഞ്ഞു.