കൊച്ചി: കോട്ടയം സ്വദേശിനി ലിസ് ജെയ്മോൻ കൊച്ചിയിൽ നടന്ന മിസ് കേരള 2022 മത്സരത്തിൽ കേരളത്തിൻ്റെ സൗന്ദര്യ റാണിയായി കിരീടം ചൂടി. ഗുരുവായൂർ സ്വദേശിനി ശംഭവി കെ ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ പോൾ സെക്കൻ്റ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെൻ്ററിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. 24 യുവതികളാണ് അവസാനഘട്ട മത്സരത്തിൽ പങ്കെടുത്തത്.
കേരളത്തിൻ്റെ സൗന്ദര്യ റാണിയെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള.ഇംപ്രസാരിയോ ഇവന്റ് മാനേജ്മെൻ്റ് കമ്പനിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മിസ് കേരള മത്സരത്തിലെ വിജയിയാണ് മിസ് ഇന്ത്യ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്.
സ്വപ്ന മേനോൻ ആണ് 1999 ൽ ആദ്യത്തെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്. രഞ്ജിനി ഹരിദാസ്, നോവ കൃഷ്ണൻ, രഞ്ജിനി മേനോൻ, രേഷ്മ ജോർജ്ജ്, ജോഗിത ടെസ് ജോർജ്ജ്, രോഹിണി മറിയം ഇടിക്കുള, ശ്രീ തുളസി, അർച്ചന നായർ, ഇന്ദു തമ്പി, നൂറിൻ ഷെരീഫ്, പ്രതിഭ സായ്, അൻസി കബീർ എന്നിവർ തുടർവർഷങ്ങളിൽ കിരീടം സ്വന്തമാക്കി.കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് ആണ് 2021 ൽ കേരളത്തിൻ്റെ സൗന്ദര്യ റാണിയായത്. 25 പേരെ പിന്തള്ളിയാണ് ഗോപിക മിസ് കേരള കിരീടം ചൂടിയത്.
സാരി റൗണ്ട് വിത്ത് ഇന്ട്രഡക്ഷന്, ഇന്‍ഡോ- വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നീ മൂന്നു റൗണ്ടുകളാണ് ഫൈനലിൽ ഉണ്ടായിരുന്നത്. ഒന്നിലധികം റൗണ്ട് സ്ക്രീനിങ്ങുകൾക്കും ഓഡിഷനുകൾക്കും ശേഷമാണ് ഫൈനൽ മത്സരാർഥികളെ തിരഞ്ഞെടുക്കുന്നത്.