കൊല്ലം: തല്ലു കേസിൽ പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ച കൊല്ലം അഞ്ചാലുംമുട് എസ് ഐ പരാതി നൽകിയ യുവാവിനെകൊണ്ട് തിരിച്ച് തല്ലിച്ചതായി മർദ്ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.19 വയസുകാരനായ അഷ്ടമുടി മണലിക്കട സ്വദേശി സെബാസ്റ്റ്യനെയാണ് അഞ്ചാലുംമൂട് എസ്ഐയുടെ നിർദേശാനുസരണം പരാതിക്കാരനായ പ്രാക്കുളം സ്വദേശിയെക്കൊണ്ട് നിർബന്ധപൂർവ്വം തല്ലിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പ്രാക്കുളം സാമ്പ്രാണിക്കോടിക്ക് സമീപം മൃതദേഹം കണ്ടെത്തിയതായ വാർത്തയറിഞ്ഞ് ഇവിടേക്ക് പോയ സെബാസ്റ്റ്യനും സുഹൃത്തുക്കളും കരീശ്ശേരി ഭാഗത്ത് വെച്ച് പ്രാക്കുളം സ്വദേശിയായ പരാതിക്കാരൻ രാഹുലിനെ കാണുകയും ഇരുവരും തമ്മിലുള്ള മുൻകാല പ്രശ്നം സംബന്ധിച്ച് വാക്കുതർക്കത്തിലേർപ്പെടുകയും ഇത് ഉന്തും തള്ളുമായി കലാശിക്കുകയും ചെയ്തു. പിന്നാലെ രാവിലെ രാഹുൽ അഞ്ചാലുംമൂട് സ്റ്റേഷനിലെത്തി പരാതി നൽകുകയും പരാതി സ്വീകരിച്ച സ്റ്റേഷൻ അധികൃതർ ഇരുകൂട്ടരെയും വിളിച്ചു വരുത്തുകയുമായിരുന്നു.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ എസ്ഐ രാഹുലിനോട് സെബാസ്റ്റ്യനെ തല്ലാനാവശ്യപ്പെട്ടു. അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീര്‍ക്കാമെന്നായി കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കർ . എന്നാൽ ഇതിന് തയ്യാറാവാതിരുന്ന രാഹുലിനെക്കൊണ്ട് നിർബന്ധപൂർവ്വമാണ് എസ്ഐ തല്ലിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോടും ഇയാൾ മോശമായി പെരുമാറിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചതായും അക്രമത്തിനിരയായ സെബാസ്റ്റ്യൻ പറഞ്ഞു.
എസ്.ഐ.യുടെ സാന്നിധ്യത്തില്‍ രാഹുല്‍ സെബാസ്റ്റനെ ചെകിട്ടത്ത് അടിച്ചു. സെബാസ്റ്റ്യനെ തല്ലിയതിന് രാഹുലിന്റെപേരില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. എസ്.ഐ.യുടെ നിര്‍ദേശം അനുസരിച്ച വാദി ഇതോടെ പ്രതിയായി.അടുത്തിടെ ഒരു വയോധികനോട് കയർത്തു സംസാരിച്ച സംഭവത്തിൽ അഞ്ചാലുംമൂട് എസ്ഐ ജയശങ്കറിനെ എസ് പി താക്കീത് ചെയ്തിരുന്നു.