ന്യൂഡൽഹി : ഫെബ്രുവരി 1 ന് ലോക്സഭയിൽ 2023-24 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്തി നിര്‍മ്മല സീതാരാമൻ അവതരിപ്പിക്കും. മുന്‍ വര്‍ഷം പോലെതന്നെ ഈ വര്‍ഷവും മധ്യവർഗം പ്രതീക്ഷിക്കുന്നത് നികുതി ഇളവാണ്. അതായത്, നികുതി സ്ലാബിൽ മാറ്റം വരുത്താനുള്ള മുറവിളി എങ്ങും ഉയർന്നുവരികയാണ്. എല്ലാ വര്‍ഷവും കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്ന അവസരത്തില്‍ മധ്യ വര്‍ഗം ആഗ്രഹിക്കുന്ന ഒന്നാണ് ആദായനികുതിയില്‍ ഇളവ്.
കഴിഞ്ഞ വര്‍ഷം ആദായനികുതിയില്‍ ഇളവ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മധ്യ വര്‍ഗ്ഗം നികുതി സ്ലാബുകളില്‍ മാറ്റം വരുത്താത്തതിൽ വളരെ നിരാശയിലായിരുന്നു. പണപ്പെരുപ്പം നേരിടാൻ സഹായിക്കുന്നതിന് നികുതിദായകർക്ക് സര്‍ക്കാര്‍ ഇളവ് നൽകുമെന്നാണ് അവരുടെ പ്രതീക്ഷ. നികുതി സ്ലാബുകളില്‍ മാറ്റം വരുമെന്ന സൂചന നല്‍കിയിരിയ്ക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്.
ഇടത്തരം നികുതിദായകരെ കുറിച്ച് സംസാരിച്ച ധനമന്ത്രി നിർമല സീതാരാമൻ, താൻ മധ്യവർഗത്തിൽ പെട്ടയാളാണെന്നും ഒരു ഇടത്തരം കുടുംബം നേരിടുന്ന സമ്മർദ്ദം മനസ്സിലാക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടത് നികുതി സ്ലാബുകളില്‍ മാറ്റം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.ഇപ്പോഴത്തെ മോദി സർക്കാർ മധ്യവർഗത്തിന്മേൽ പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
27 നഗരങ്ങളിൽ മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കുക, ജീവിത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കുക തുടങ്ങിയ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മധ്യവർഗം ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിക്കുന്നു, മോദി സര്‍ക്കാര്‍ 27 സ്ഥലങ്ങളിൽ മെട്രോ കൊണ്ടുവന്നു. ധാരാളം ഇടത്തരം ആളുകൾ ജോലി തേടി നഗരങ്ങളിലേക്ക് മാറുകയാണ്, മോദി സര്‍ക്കാര്‍ ‘സ്മാർട്ട് സിറ്റികൾ’ എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് തുടരും. മധ്യവർഗത്തിന്റെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം, മന്ത്രി പറഞ്ഞു.
സർക്കാർ ആദായനികുതി പരിധി ഉയർത്തുമെന്നും മറ്റുള്ളവർക്ക് പുറമെ ഇടത്തരം നികുതിദായകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.