ജയിലിൽ ലഹരിപ്പുറത്ത് ഗുണ്ടകളുടെ പോര്, സെല്ലിൽ കഞ്ചാവും ഫോണും; പവർ ബാങ്ക് എങ്ങനെ ചാർജ് ചെയ്യുന്നു?

തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ ലഹരിമൂത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. ലഹരിയുടെ ഉറവിടം തേടി അധികൃതർ സെല്ലുകൾ പരിശോധിച്ചപ്പോൾ എഫ് ബ്ലോക്കിൽ ഒരു സംഘത്തിന്റെ സെല്ലിൽ നിന്നു പിടികൂടിയത് 2 മൊബൈൽ ഫോണുകളും ഒരു പവർബാങ്കും ഡേറ്റാ കേബിളും ഒരു പൊതി കഞ്ചാവും. സെല്ലിലെ തടവുകാരാ. വൈശാഖ്, പ്രതീഷ് എന്നിവരെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. ഇതേ സെല്ലിൽ കഴിയുന്ന പ്രശാന്ത് എന്ന ശിക്ഷാത്തടവുകാരനെതിരെ കേസെടുത്തു. എതിർ സംഘത്തിന്റെ സെൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. തൃശൂർ മുളങ്കുന്നത്തുകാവ് വരടിയം സ്വദേശികളാണു ജയിലിൽ ഏറ്റുമുട്ടിയ രണ്ടു സംഘങ്ങളിലുമുള്ളത്. കഞ്ചാവു വിൽപന സംഘത്തിലെ കണ്ണിയും ഇരട്ടക്കൊലക്കേസ് പ്രതിയുമായ വരടിയം സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരുസംഘം ഗുണ്ടകൾ വിയ്യൂർ സെൻട്രൽ ജയിലിൽ ഡി ബ്ലോക്കിൽ കഴിയുന്നുണ്ട്. സിജോയുടെ സംഘത്തിൽപ്പെട്ട ഒരു വിഭാഗം എഫ് ബ്ലോക്കിലും. കഴിഞ്ഞ ദിവസം വൈകിട്ട് കന്റീനിനു സമീപത്തായി ഇരു സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ഡി ബ്ലോക്കിലെ സംഘത്തിലൊരാൾക്കു മാരകമായി മർദനമേറ്റു.

രണ്ടു സംഘങ്ങളും ലഹരി മ‍ൂത്ത അവസ്ഥയിലായിരുന്നുവെന്നു മറ്റ് അന്തേവാസികൾ ഗാർഡുമാരെ അറിയിച്ചു. ഇതോടെയാണു സെല്ലുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. എഫ് ബ്ലോക്കിലെ സെല്ലിൽ പുതപ്പിനടിയിൽ ഒളിച്ച നിലയ‍ിലാണു ഫോണുകളും പവർബാങ്കും കഞ്ചാവും കണ്ടെത്തിയത്. സിജോയുടെ സംഘത്തിൽപ്പെട്ട വൈശാഖിനും പ്രതീഷിനുമൊപ്പം മറ്റൊരു കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രശാന്ത് ഈ സെല്ലിലുണ്ടായിരുന്നു.പവർ ബാങ്ക് ചാർജ് ചെയ്യുന്നതാരാണ്?

ജയിലിനുള്ളിൽ മൊബൈൽ ഫോണുകൾ യഥേഷ്ടം ചാർജ് ചെയ്ത് ഉപയോഗിക്കാൻ പാകത്തിന് പവർ ബാങ്കുകൾ എത്തുന്നതെങ്ങനെ? ഈ പവർ ബാങ്കുകൾ എങ്ങനെ ചാർജ് ചെയ്യാൻ കഴിയുന്നു? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം തേടിപ്പോയാൽ ജീവനക്കാരിലേക്കാണു സംശയമുന എത്തുക. ആഴ്ചയിലൊന്നുവീതം പവർബാങ്ക് ചാർജ് ചെയ്തു ജയിലിനുള്ളിലേക്ക് എത്തിക്കാൻ ജീവനക്കാരിൽ ചിലർ ‘വീതം’ വാങ്ങുന്നതായി സൂചനയുണ്ട്. കന്റീനിലെ പ്ലഗ് പോയിന്റിൽ പവർബാങ്ക് കുത്തി ചാർജ് ചെയ്യുന്ന ഏർപ്പാടുണ്ടെന്നും വിവരമുണ്ട്