പാലായില്‍ ജോസിന്‍ ബിനോ നഗരസഭാധ്യക്ഷ; കേരളാ കോണ്‍ഗ്രസിനു വഴങ്ങി സിപിഎം

കോട്ടയം ∙ പാലാ നഗരസഭാധ്യക്ഷയായി സിപിഎമ്മിലെ ജോസിൻ ബിനോയെ തിരഞ്ഞെടുത്തു. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു പാലാ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ 17 വോട്ടും ജോസിൻ ബിനോയ്ക്കു ലഭിച്ചു. നഗരസഭാ കൗൺസിലിലെ സിപിഎം സ്വതന്ത്ര്യ അംഗമാണ് ജോസിൻ. കേരള കോൺഗ്രസിന്റെ (എം) കടുത്ത പ്രതിഷേധത്തെ തുടർന്ന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതോടെയാണ് ജോസിൻ ബിനോ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.

പ്രിൻസ് വി.സി. ആയിയിരുന്നു യുഡിഎഫ് സ്ഥാനാർഥി. 26 അംഗ നഗരസഭയിൽ 25 പേരാണ് വോട്ട് ചെയ്തത്. ജോസിൻ ബിനോയ്ക്ക് 17 വോട്ടുകൾ ലഭിച്ചു. സ്വതന്ത്ര അംഗമായ ജിമ്മി ജോസഫ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിൻ ബിനോയ്ക്കു നറുക്ക് വീണത്. സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജോസിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജോസിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. നഗരസഭാ യോഗത്തിൽ കറുത്ത ഷർട്ട് അണിഞ്ഞെത്തിയാണ് ബിനു പുളിക്കക്കണ്ടം വോട്ട് ചെയ്തത്.നേരത്തേ, നഗരസഭാ ഹാളില്‍ വച്ച് ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിനു കാരണം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഎമ്മിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎം-കേരള കോണ്‍ഗ്രസ് (എം) തര്‍ക്കം രൂക്ഷമായിരുന്നു. സിപിഎം നിശ്ചയിച്ച ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി തന്നെ രംഗത്തെത്തി. ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസി (എം) നുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നണ് ആദ്യ രണ്ടുവര്‍ഷ കാലാവധി അവസാനിച്ചത്. അന്നു തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) അധ്യക്ഷന്‍ രാജിവയ്ക്കുകയും ചെയ്തു. അതിനു ശേഷം സിപിഎമ്മില്‍ നിന്ന് ആര് അധ്യക്ഷനാകുമെന്നതിനെ ചൊല്ലിയാണ് അഭിപ്രായവ്യത്യാസം ഉയര്‍ന്നത്.