സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പിഴയടച്ചു

ലണ്ടൻ: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്രചെയ്താൽ ബ്രിട്ടണില്‍ 100 പൗണ്ട് (10000 ഇന്ത്യന്‍ രൂപ) പിഴയടക്കണം. കോടതിയില്‍ പോയാല്‍ ഇത് 500 പൗണ്ടായി ഉയരും. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ഋഷി സുനക് വീഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്രയെന്നത് ചര്‍ച്ചയായത്. ഇതിനെ തുടർന്ന് ബ്രിട്ടീഷ് പോലീസ് 100 പൗണ്ട് പിഴ ചുമത്തി.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഋഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തെറ്റായിരുന്നെന്നും അത് അംഗീകരിക്കുന്നെന്നും പിഴ അടയ്ക്കുന്നുവെന്നും വ്യക്തമാക്കി. രണ്ടാം തവണയാണ് ഋഷി സുനകിന് ഇത്തരത്തിൽ പിഴ ചുമത്തപ്പെടുന്നത്. 2020 ഏപ്രിലില്‍ ഡൗണിംഗ് സ്ട്രീറ്റില്‍വച്ച്‌, അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് പിഴ അടയ്ക്കേണ്ടി വന്നിരുന്നു.