പത്തനംതിട്ട: തിരുവല്ലയിൽ ആക്രിക്കട നടത്തുകയാണ് തമിഴ്നാട് തെങ്കാശി വാളസെ ചിന്നസുബ്രഹ്മണ്യന്റെ മകന് ബാലമുരുകന്.ആക്രി കടയിൽ ആക്രിയോടൊപ്പം കിട്ടിയ എടിഎം കാർഡില്‍ പിന് നമ്പറും. 6.31 ലക്ഷം രൂപയാണ് തമിഴ്നാട് തെങ്കാശി വാളസെ സ്വദേശി ബാലമുരുകന് (43) തട്ടിയെടുത്തത്.
ആക്രി കടയിൽ നിന്ന് കിട്ടിയ എടിഎം കാർഡിലെ പിന് നമ്പറുപയോഗിച്ചു് 61 എടിഎമ്മുകളില്‍ നിന്ന് പിന്‍വലിച്ചത് ആറരലക്ഷം രൂപ. തിരുനെല്‍വേലി, സേലം, തെങ്കാശി, മധുര, നാമക്കല്‍, തിരുവനന്തപുരം, പുനലൂര്‍, പത്തനാപുരം, ഇടമണ്ണ്, കറ്റാനം തുടങ്ങി ലോറി ഓടുന്ന സ്ഥലങ്ങളിലെ 61 എടിഎമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത്.
2018ലെ പ്രളയത്തെ തുടര്‍ന്ന് ഉപയോഗശൂന്യമായ സാധനങ്ങള്‍ ആക്രി വില്പനക്കാര്ക്ക് നല്കിയ കൂട്ടത്തിലാണ് എടിഎം കാര്‍ഡും അറിയാതെ നഷ്ടമായത്. തിരുവല്ലയിലെ ആക്രികടയില്‍ എത്തിയ സാധനങ്ങളില്‍ നിന്നുമാണ് ബാലമുരുകന് കാര്‍ഡ് കിട്ടിയത്. ഇതില്‍ പിന് നമ്പറും എഴുതിയിരുന്നു. ഇത് ഉപയോഗിച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ബാങ്ക് എടിഎമ്മില്‍ നിന്നുമായി 2022 ഒക്ടോബര്‍ 7 നും 21നും ഇടയിലാണ് പണം പിന്‍വലിച്ചത്.
ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ഷാജിയുടെ എസ്ബിഐ അക്കൗണ്ടില്‍ നിന്നാണ് 6.31 ലക്ഷം രൂപ പിന്‍വലിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഷാജി 2018 ലാണ് എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് എടിഎം കാര്‍ഡ് എടുത്തത്. ഇതിനു ശേഷം തിരികെ വിദേശത്ത് പോയി. രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ ശേഷം ബാങ്കില്‍ ചെക്ക് നല്‍കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 61 തവണയായിട്ടാണ് 6.31 ലക്ഷം രൂപ പിന്‍വലിച്ചത്. ബാങ്ക് അക്കൗണ്ടുമായി അബുദാബിയിലെ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്തിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അവിടെ വച്ചിട്ട് നാട്ടിലെത്തിയതിനാല്‍ ഫോണില്‍ വന്ന സന്ദേശങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല.
എംടിഎമ്മുകൾ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു ലോറി തന്നെ പല എടിഎമ്മുകളില്‍ എത്തുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇതോടെ ലോറി കണ്ടെത്തി ഡ്രൈവറായ പ്രതിയെ പിടികൂടുകയായിരുന്നു.