ജെല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ബന്ധുക്കൾക്കൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുൽ എന്ന 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. ധർമപുരി തടങ്കം ഗ്രാമത്തിലാണ് ദാരുണ സംഭവംനടന്നത്. ജല്ലിക്കെട്ടു നടക്കുന്നതിനിടെ പിടിവിട്ട് ഓടിയ കാള കാണികൾക്കിടയിലേക്ക് കയറുകയും ബന്ധുക്കൾക്കൊപ്പം ജല്ലിക്കെട്ട് കാണുകയായിരുന്ന ഗോകുലിനെ ആക്രമിക്കുകയുമായിരുന്നു.

വയറിൽ ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുൽ. കഴിഞ്ഞദിവസം മധുര പാലമേട് നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് മധുര സ്വദേശി അരവിന്ദ് രാജ് എന്ന യുവാവ് മരിച്ചിരുന്നു.

ഇരുപത്തി ആറുകാരനായ അരവിന്ദ് രാജയെ കാള കൊമ്പിൽത്തൂക്കി എറിയുകയായിരുന്നു. അടിവറ്റിലാണ് കുത്തേറ്റത്.ഒൻപത് കാളകളെ പിടിച്ച് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതിനിടെയായിരുന്നു അരവിന്ദിന് കുത്തേറ്റത്. ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ ഒരാളെയും കാള കുത്തിക്കൊന്നിരുന്നു. ജല്ലിക്കെട്ട് മത്സരങ്ങൾക്കിടെ നിരവധിപ്പേർക്കാണ് കാളയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

662 കാളകളും 700 ഓളം മത്സരാർഥികളും പങ്കെടുത്ത മത്സരമായിരുന്നു ധർമ്മപുരിയിൽ നടന്നത്. തമിഴ്നാട് കൃഷി മന്ത്രി എം ആർ കെ പനീർസെൽവമാണ് ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ ധർമ്മപുരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.