ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിൻ്റെ മുഴുവൻ ഭാരവാഹികളെയും പിരിച്ചുവിട്ടതായി ആം ആദ്മി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ പാർട്ടി ഘടകത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറേ കാലമായി കേരള ഘടകത്തിൻ്റെ പ്രവർത്തനങ്ങളിൽ ദേശീയ നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു.ഡൽഹിക്കു പുറമേ പഞ്ചാബിൽ ഭരണം പിടിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ അക്കൗണ്ട് തുറക്കുകയും ചെയ്തതോടെ സമാന സാഹചര്യം കേരളത്തിലും സാധ്യമാണെന്ന റിപ്പോർട്ടുകൾ ദേശീയ നേതൃത്വത്തിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വത്തിന്റേ തീരുമാനം.
പുതിയ സാഹചര്യങ്ങൾ മുതലാക്കാൻ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ലെന്നും പ്രധാന നേതാക്കളൊന്നും പാർട്ടിയിലേക്കു വരുന്നില്ലെന്നും കേന്ദ്ര നേതൃത്വം വിമർശനം ഉന്നയിച്ചു.ജനുവരി 10 ന് കേരള ഘടകത്തിലെ അടക്കമുള്ള നേതാക്കളുടെ യോഗം ഡൽഹിയിൽ ചേർന്നിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചു യോഗത്തിൽ ചർച്ചകളുണ്ടായി.
ഈ മാസം 25 ന് തിരുവനന്തപുരത്തുവെച്ച് ആം ആദ്മി പാർട്ടിയുടെ യോഗം ചേരുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ പുതിയ ഭാാരവാഹികളെ പ്രഖ്യാപിച്ചേക്കും.