ന്യൂഡൽഹി: കോൺഗ്രസ്സ് സോഷ്യൽ മീഡിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ കോ-ഓർഡിനേറ്ററും കോൺഗ്രസ്സ് നേതാവ് എകെ ആൻറണിയുടെ മകനുമായ അനിൽ കെ ആൻറണി കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിനു അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് തന്നെ രൂക്ഷ വിമർശനങ്ങള്‍ നേരിട്ടിരുന്നു.ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യലാവും എന്ന് കോൺഗ്രസിന്റെ അഭിപ്രായത്തിന് വിപരീതമായി
അനിൽ ആൻറണി അഭിപ്രായപ്പെട്ടിരുന്നു.
രാജിക്കത്ത് ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്ക് വെച്ചത്. ” കെപിസിസിയിലും എഐസിസിയിലും വഹിക്കുന്ന എല്ലാ പദവികളും ഞാൻ രാജിവയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ ഒരു ട്വീറ്റിൽ അസഹിഷ്ണുക്കളായി അത് പിൻവലിക്കാൻ നിർബന്ധിക്കുന്നു. ഞാൻ ആ ആവശ്യം നിരസിച്ചു. സ്നേഹം പ്രചരിപ്പിക്കാനായി നടത്തുന്നൊരു യാത്രയെ പിന്തുണയ്ക്കുന്നവർ ഫേസ്ബുക്ക് വാളിൽ വന്ന് ചീത്ത വിളിക്കുന്നു. അതിന്റെ പേരാണ് കപടത. എന്തായാലും ജീവിതം മുന്നോട്ടുതന്നെ നീങ്ങുന്നു ” അനിൽ ട്വീറ്റിൽ കുറിച്ചു.
കെ.പിസിസി ഡിജിറ്റൽ മീഡിയ കൺവീനർ , എ.ഐ.സി.സി മീഡിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ കോ-ഓർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് അനിൽ കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്.
ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി.അനിൽ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ കേരളത്തിലെ കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ മേധാവിയായിരിക്കുന്ന അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാന്‍ ഒരു നിമിഷം പോലും അവകാശമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും അനിലിന്റെ നിലപാട് തള്ളി രംഗത്ത് വന്നിരുന്നു.