തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയ പൊലീസുകാരൻ പിടിയിൽ. സ്റ്റാച്യു ഗവ.പ്രസിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിൽ തിങ്കൾ രാത്രി 11നായിരുന്നു സംഭവം. മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞ്: ജീറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവതിയുടെ ചിത്രമാണ് പകർത്തിയത്.
ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയ പ്രിനു ശുചിമുറിക്ക് പുറത്തു നിന്ന് വെന്റിലേറ്റർ വഴി മൊബൈൽ ഫോൺ കടത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ സമയം മൊബൈൽ ഫോണിലേക്ക് കോൾ വന്നു. ശബ്ദം കേട്ട് യുവതി നിലവിളിച്ചതോടെ പ്രതി മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആളുകൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഫോണിൽ നിന്നു യുവതിയുടെ ദൃശ്യം കണ്ടെത്തി.