ചെന്നൈ: വർഗീയ ശക്തികൾക്കെതിരെ ഒരുമിക്കുകയെന്നത് ദേശീയ പ്രാധാന്യമുള്ള കാര്യമാണെന്ന് പറഞ്ഞ കമൽഹാസൻ ഈറോഡ് ഈസ്റ്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം കോൺഗ്രസ് സ്ഥാനാർത്ഥി ഇ വി കെ എസ് ഇളങ്കോവന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ മക്കൾ നീതി മയ്യം യുപിഎ സഖ്യത്തിൽ ചേരാനുള്ള സാധ്യതകളേറി.
കോൺഗ്രസ് അധ്യക്ഷനും ഈറോഡിലെ സ്ഥാനാർത്ഥിയുമായ ഇളങ്കോവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കമൽഹാസൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ചില പാർട്ടികളുമായുള്ള ഭിന്നത മറക്കേണ്ടിവരുമെന്ന് കമൽഹാസൻ പറഞ്ഞു.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കമൽഹാസന് താൽപര്യമുണ്ടെന്നാണ് വിവരം.
ഡിഎംകെ സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഇളങ്കോവന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കമൽഹാസൻ വ്യക്തമാക്കി. ഒരു വർഷത്തിനു ശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ലെന്ന് കമൽഹാസൻ പറഞ്ഞു.കമൽഹാസന് നന്ദി അറിയിക്കുന്നതായി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
യുപിഎ സഖ്യത്തിലേക്ക് കമലിനെ സ്വീകരിക്കാൻ തമിഴ്നാട്ടിലെ ഏറ്റവും വലിയ കക്ഷിയായ ഡിഎംകെ തയ്യാറാണ്.രാഹുൽ ഗാന്ധിയുമായി അടുപ്പം സൂക്ഷിക്കുന്ന കമൽഹാസൻ ഡൽഹിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.പാർട്ടി രൂപീകരിച്ചതിനു ശേഷം ഇത് ആദ്യമായാണ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മക്കൾ നീതി മയ്യം പിന്തുണ പ്രഖ്യാപിക്കുന്നത്.
ഡിഎംകെയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാൽ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്ന് കമൽഹാസൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഇതിനു തയ്യാറായില്ല. എഐഎഡിഎംകെ, ഡിഎംകെ പാർട്ടികളെ എതിർത്ത് മത്സരിച്ച മക്കൾ നീതി മയ്യത്തിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞതുമില്ല.