ഭുവനേശ്വർ: വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് മരിച്ചു.ഒരു പൊതുപരിപാടിക്കിടെ എഎസ്ഐ ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഡീഷയിൽ നവീൻ പട്നായിക്ക് മന്ത്രിസഭയിലെ കരുത്തനായ നേതാവായിരുന്നു.
ഒഡീഷയിലെ ഝർസുഗുഡ ജില്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഗാന്ധി സ്‌ക്വയറിൽ വച്ച് മന്ത്രി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ എഎസ്ഐ ഗോപാൽ ദാസ് നാലോ അഞ്ചോ തവണ മന്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.എഎസ്ഐയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നബ കിഷോർ ദാസ് മൂന്ന് തവണ ജന്മനാടായ ഝാർസുഗുഡ മണ്ഡലത്തിൽ നിന്ന് എംഎൽഎ പദത്തിലെത്തി.2009ലും 2014ലും കോൺഗ്രസ് ടിക്കറ്റിലും 2019ൽ ബിജെഡി പ്രതിനിധിയായും സംസ്ഥാന നിയമസഭയിലെത്തി.2019ലെ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപായിരുന്നു കോൺഗ്രസ് വിട്ട് ബിജു ജനത ദളിലേക്കു ചേക്കേറിയത്.സംസ്ഥാനത്ത് ആരോഗ്യ മന്ത്രിയായി തിളങ്ങിയ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ കൊവിഡ് കാലത്ത് പ്രശംസ പിടിച്ച് പറ്റിയിരുന്നു.
‘എന്‍റെ നാട്ടിലെ ജനങ്ങളും വോട്ടർമാരും അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ ബിജെഡിയിൽ നിന്ന് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു, കാരണം ഞങ്ങളുടെ പ്രദേശം വികസിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീൻ ജിയുമായി ഞാൻ കൈകോർക്കണമെന്നാണ് അവരുടെ ആഗ്രഹം’ എന്ന് രാഹുൽ ഗാന്ധിക്ക് എന്ന് കത്ത് എഴുതി വെച്ചാണ് നബ കിഷോർ ദാസ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെഡിയിലെത്തുന്നത്.
കോളേജ് വിദ്യാർഥിയായിരിക്കുമ്പോൾ നബ കിഷോർ ദാസ് ഇടത് വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ നേതാവായിരുന്നു. പിന്നീട് കോൺഗ്രസിനൊപ്പം യാത്ര ആരംഭിച്ചു. ഒഡീഷ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റായിരിക്കെയാണ് നബ കിഷോർ ദാസ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് ബിജെഡിയിലേക്ക് ചുവടുമാറുന്നത്. അധികാരത്തിന് പുറമെ അതി സമ്പന്നനും കൂടിയായ നബ കിഷോർ ദാസിന് 34 കോടിയുടെ ആസ്തിയുണ്ട്.80 കാറുകൾ നബ ദാസിന് സ്വന്തമായും 65 കാറുകൾ ഭാര്യയുടെ പേരിലുമുണ്ട്.
ട്രാൻസ്പോർട്ട് കമ്പനിയും നിരവധി വ്യവസായ ശാലുകളുമുള്ള ബിജെഡി നേതാവിന് ഡബിള്‍ ബാരല്‍ ഗണ്ണും റൈഫിളും റിവോള്‍വറും ഉൾപ്പെടെ ലൈസൻസുള്ള തോക്കുകളുമുണ്ട്.