മുംബൈ: അബുദാബി- മുംബൈ എയർ വിസ്ത യുകെ 256 വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്ത ഇറ്റാലിയൻ യുവതി പവോല പെറൂഷിയോയെ സഹർ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മുംബൈയില് എത്തിയ എയർ വിസ്ത യുകെ 256 വിമാനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് അറസ്റ്റ്.
തിങ്കളാഴ്ച പുലർച്ചെ 2.03ന് പുറപ്പെട്ട എയർ വിസ്ത യുകെ 256 വിമാനത്തിൽ ഇക്കണോമി ക്ലാസ് ടിക്കറ്റുമായി അബുദാബിയിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത പവോല ഇക്കണോമി ക്ലാസിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റോടി ബിസിനസ് ക്ലാസിൽ കയറി ഇരുന്നു. ഇത് കണ്ട ക്യാബിൻ ക്രൂ യാത്രക്കാരിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ സമീപിച്ചു. വിമാനയാത്രക്കാരി പ്രതികരിക്കാതെ ഇരിക്കുന്നത് കണ്ട ക്യാബിൻ ക്രൂ അനുവദിച്ചിട്ടുള്ള സീറ്റിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചു. യാത്രക്കാരി അവരോട് ആക്രോശിക്കുകയും ആക്രമണാത്മക ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു.
സ്ത്രീ മോശമായി പെരുമാറുന്നത് തടയാൻ ക്രൂ അംഗങ്ങൾ ശ്രമിച്ചപ്പോൾ, അവര് ഒരാളുടെ മുഖത്ത് ഇടിക്കുകയും മറ്റേയാളെ തുപ്പുകയും ചെയ്തു. മറ്റ് ക്രൂ അംഗങ്ങൾ ഓടിയെത്തിയപ്പോൾ, സ്ത്രീ സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ തുടങ്ങി.“ജീവനക്കാരെയും മറ്റ് യാത്രക്കാരെയും ഭയപ്പെടുത്തുന്ന തരത്തിൽ, സ്ത്രീ അർധനഗ്നയായി ഇടനാഴിയിലൂടെ മുകളിലേക്കും താഴേക്കും നടന്നു വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു,വളരെ ശ്രമത്തിനൊടുവിൽ സ്ത്രീയെ കീഴ്പ്പെടുത്തി.
പുലർച്ചെ 4.53 ഓടെ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ, ഫ്ലയർ എയർ വിസ്താരയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സഹർ പൊലീസിനും ഇവരെ കൈമാറി.കോടതിയിൽ ഹാജരാക്കിയ യാത്രക്കാരിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.